MOVIES

'ജയിലർ 2'വിലും വർമൻ ഉണ്ടാകും... സ്ഥിരീകരിച്ച് വിനായകൻ

ചിത്രത്തില്‍ ഫ്ലാഷ്ബാക്ക് രംഗങ്ങളിലാകും വിനായകൻ ഉണ്ടാകുക

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിവാദങ്ങളേറെയുണ്ടെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനായകൻ. 'കളങ്കാവലി'ൻ്റെ പ്രീ- റിലീസ് ഇവന്റില്‍ സംസാരിക്കവെ മമ്മൂട്ടി വിനായകനെപ്പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്. മറ്റൊരു വിശേഷം കൂടി കളങ്കാവലിൻ്റെ പ്രമോഷനിടെ വിനായകൻ പങ്കുവച്ചിരിക്കുകയാണ്. രജനികാന്ത് ചിത്രമായ 'ജയിലറി'ൻ്റെ രണ്ടാം ഭാഗത്തിലും താരം ഉണ്ടാകുമെന്നാണ് താരം തന്നെ സ്ഥിരീകരിച്ചത്. ചിത്രത്തില്‍ ഫ്ലാഷ്ബാക്ക് രംഗങ്ങളിലാകും വിനായകൻ ഉണ്ടാകുക. ജയിലറിൽ രജനികാന്തിനോളം തിളങ്ങിയ മലയാളി താരമായിരുന്നു വിനായകൻ. ചിത്രത്തിലെ അദ്ദേഹത്തിൻ്റെ 'മനസിലായോ സാറേ' എന്ന ഡയലോഗും ഏറെ ഹിറ്റായിരുന്നു.

തമിഴ് താരം വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് അട്ടപ്പാടിയിലായിരുന്നു നെൽസൺ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാ​ഗമായ 'ജയിലർ 2'വിൻ്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. കോഴിക്കോടും 'ജയിലര്‍ 2' ചിത്രീകരിച്ചിട്ടുണ്ട്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്‍തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ 'ജയിലർ' നേടിയിരുന്നു.

ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിങ് വരാന്‍ സാധ്യതയുള്ള അപ്കമിങ് പ്രോജക്റ്റുമാണ് 'ജയിലര്‍ 2'. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുണ്ടായിരുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. 'ജയിലര്‍ 2'വില്‍ മോഹൻലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാൻ കഴിയുന്നതും. ചിത്രത്തില്‍ അടുത്തുതന്നെ നടൻ മോഹൻലാല്‍ ജോയിൻ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT