MOVIES

സ്റ്റാര്‍ കിഡ്‌സിനെ കാണാന്‍ പ്രേക്ഷകര്‍ക്ക് താത്പര്യമുണ്ട്: നെപ്പോട്ടിസത്തെ കുറിച്ച് കൃതി സനോണ്‍

55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്


നെപ്പോട്ടിസത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്ന് സംസാരിച്ചിരിക്കുകയാണ് ബോളിവുഡ് താരം കൃതി സനോണ്‍. സ്റ്റാര്‍ കിഡ്‌സിനെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഇന്‍ഡസ്ട്രി ചിന്തിക്കുന്നതിന് പിന്നില്‍ മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും പങ്കുണ്ടെന്നാണ് താരം പറഞ്ഞത്. 55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്.

കൃതി സനോണ്‍ പറഞ്ഞത്:


സിനിമാതാരങ്ങളുടെ മക്കളെ കുറിച്ച് മീഡിയ പുറത്തുവിടുന്ന വാര്‍ത്തകള്‍ കാണാന്‍ ജനങ്ങള്‍ വലിയ താല്‍പര്യം കാണിക്കാറുണ്ട്. ഈ 'സ്റ്റാര്‍ കിഡ്സിനെ' കാണാന്‍ ജനങ്ങള്‍ക്ക് താല്‍പര്യം ഉണ്ടല്ലോ എന്ന് മനസിലാക്കുന്ന ഇന്‍ഡസ്ട്രി അവരെ സിനിമയിലും കൊണ്ടുവരുന്നു. അവരെ വെച്ച് സിനിമയെടുക്കാം എന്ന് കരുതുന്നു. ഇതൊരു സര്‍ക്കിളായി തുടരുകയാണ്.

എന്നാല്‍ കഴിവുള്ളവര്‍ക്കേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയൂ. പ്രേക്ഷകരുമായി സംവദിക്കാനും അവരുമായി ഒരു ബന്ധം രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞാലേ സിനിമയില്‍ വിജയിക്കാനാകൂ.

പുറത്തുനിന്നുള്ളവര്‍ക്ക് സിനിമയില്‍ സ്വപ്നം കാണുന്ന ലക്ഷ്യത്തിലെത്താന്‍ ഏറെ സമയമെടുക്കും. മാഗസിന്‍ കവറിലെത്തുക എന്നതുപോലും അവരെ സംബന്ധിച്ചിടത്തോളം കഠിനമാണ്. എന്നാല്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ക്ക് ശേഷവും പരിശ്രമം തുടരാന്‍ തയ്യാറായാല്‍ വിജയം വിദൂരമല്ല.



SCROLL FOR NEXT