തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാമന്ത റൂത്ത് പ്രഭു. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി പലപ്പോഴും തൻ്റെ ജിവിതചര്യകളെപ്പറ്റി പങ്കിവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജിമ്മിലെ വര്‍ക്കൗട്ടിനിടയില്‍ എടുത്ത നടിയുടെ ചിത്രമാണ് ചർച്ചയാവുന്നത്. ഇത്രയും മനോഹരമായൊരു ശരീരം തനിക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കഠിനമായ പരിശീലനമാണ് അതിനായി തന്നെ സഹായിച്ചതെന്നുമാണ് നടി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. അച്ചടക്കവും അര്‍പ്പണബോധവുമാണ് തന്റെ ഫിറ്റ്‌നസിന്റെ രഹസ്യമെന്നാണ് സാമന്ത പറയുന്നത്.
"നല്ല വിങ്സുള്ള മറ്റ് ആളുകളെ കാണുമ്പോൾ ഞാനിങ്ങനെയാവില്ല എന്ന് ചിന്തിക്കുമായിരുന്നു. കരുത്തുറ്റ വിങ്സ് ഉണ്ടായിരിക്കുക എന്ന ആഗ്രഹം വർഷങ്ങൾക്ക് മുൻപെ ഉപേക്ഷിച്ചിരുന്നു. എന്റെ ജീനുകളിൽ അതില്ലെന്ന് തന്നെയായിരുന്നു കരുതിയത്. പക്ഷെ എനിക്ക് തെറ്റുപറ്റി. ഞാനിങ്ങനെ മാറിയതിൽ സത്യം പറഞ്ഞാൽ എനിക്ക് സന്തോഷമുണ്ട്. ഇവിടെയെത്താൻ ഞാനെടുത്ത പ്രയത്നം തീവ്രമായിരുന്നു. മസിൽ വളർത്തിയെടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്", സാമന്ത
നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിന് മാത്രമല്ല, നിങ്ങൾ എങ്ങനെ ജീവിക്കുന്നു, എങ്ങനെ നീങ്ങുന്നു, നിങ്ങൾക്ക് എങ്ങനെ പ്രായമാകുന്നു എന്നെല്ലാം അത് തീരുമാനിക്കുമെന്നും സാമന്ത പറയുന്നു. പ്രായമാകുമ്പോൾ ആരോഗ്യ പരിപാലനം ഉറ്റ സുഹൃത്തായി മാറേണ്ടതുണ്ട്. ആ ആരോഗ്യ പരിപാലനമാണ് എനിക്ക് മറ്റെന്തിനെക്കാളും ഗുണം ചെയ്തത്. അച്ചടക്കവും ക്ഷമയും അതെന്നെ പഠിപ്പിച്ചു. ജീനുകളിൽ ഇല്ല എന്നത് ഒരു ഒഴിവ് കഴിവ് മാത്രമാണെന്നും അതെന്നെ പഠിപ്പിച്ചു. തോൽവിയോട് അടുത്തിരിക്കുന്ന ഘട്ടത്തിൽ പോലും തോറ്റുകൊടുക്കരുത്, നിങ്ങൾ മുന്നോട്ട് പോയാൽ നിങ്ങളുടെ ഭാവി നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും സാമന്ത കുറിപ്പിൽ പറയുന്നു.
എന്നാൽ പോസ്റ്റിന് താഴെ പരിഹസിക്കുന്ന രീതിയിലുള്ള കമൻ്റുകളും നിറയുന്നുണ്ട്. ഇത്രയും മെലിഞ്ഞുപോകുന്ന തരത്തില്‍ വ്യായാമം ചെയ്യരുത് എന്നായിരുന്നു ഒരു വ്യക്തിയുടെ കമൻ്റ്. പരിഹസിക്കുന്ന രീതിയില്‍ കമന്റ് ചെയ്ത വ്യക്തിക്ക് സാമന്ത റൂത്ത് പ്രഭു മറുപടിയും നല്‍കിയിട്ടുണ്ട്. എനിക്ക് ആവശ്യമുള്ളപ്പോള്‍ ഞാന്‍ നിങ്ങളുടെ ഉപദേശം സ്വീകരിക്കാം എന്നായിരുന്നു ഇതിന് നടി മറുപടി നല്‍കിയത്.
തൻ്റെ വിവാഹമോചനവും ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നതിന് സാക്ഷിയാകേണ്ടി വന്ന നടിയാണ് സാമന്ത റൂത് പ്രഭു. നടന്‍ നാഗചൈതന്യയുമായുള്ള വിവാഹമോചനവും ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ് സ്ഥിരീകരിച്ചതുമൊക്കെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടങ്ങളെല്ലാം തരണം ചെയ്ത അവര്‍ അഭിനയത്തിനുപുറമെ സിനിമാ നിര്‍മാണത്തിലും പുതിയ തുടക്കം കുറിച്ചിരുന്നു.