ശ്രിയ ശരണും ഭർത്താവും  Source : X
MOVIES

"ഞാന്‍ ബുക്ക് ചെയ്ത ഫ്ലൈറ്റ് മാറി പോയി"; ഭര്‍ത്താവ് ആന്‍ഡ്രി കൊഷീവുമായുള്ള പ്രണയം ആരംഭിച്ചതിനെ കുറിച്ച് ശ്രിയ ശരണ്‍

2018 മാര്‍ച്ചിലാണ് ശ്രിയയും ആന്‍ഡ്രിയും വിവാഹിതരായത്.

Author : ന്യൂസ് ഡെസ്ക്

ചിലപ്പോള്‍ ഏറ്റവും മനോഹരമായ പ്രണയബന്ധങ്ങള്‍ ആരംഭിക്കുന്നത് ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്നായിരിക്കും. അത്തരത്തില്‍ അപ്രതീക്ഷിതമായാണ് നടി ശ്രിയ ശരണ്‍ ഭര്‍ത്താവ് ആന്‍ഡ്രി കൊഷീവിനെ കണ്ടുമുട്ടിയത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ പുതിയ എപ്പിസോഡിലാണ് ശ്രിയ ഇക്കാര്യം തുറന്ന് പറഞ്ഞത്.

"തെറ്റായ മാസത്തില്‍ തെറ്റായ ഫ്ലൈറ്റ് ബുക്ക് ചെയ്താണ് ഞാന്‍ യാത്ര ചെയ്തത്. അങ്ങനെ മാലിദ്വീപിന്റെ തെക്കന്‍ ഭാഗത്തുള്ള ഒരു ക്രൂസ് ഷിപ്പില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ എനിക്ക് സാധിച്ചു. അവിടെ വെച്ചാണ് ഞാന്‍ ആന്‍ഡ്രിയെ കണ്ടത്", ശ്രിയ പറഞ്ഞു.

പരസ്പരം ഒന്നും അറിയില്ലായിരുന്നെങ്കിലും യാത്രയിലെ പുതിയ അനുഭവങ്ങളിലൂടെ അവര്‍ പരസ്പരം അടുപ്പത്തിലായി എന്ന് ശ്രിയ പറഞ്ഞു. "അവന്‍ ആദ്യമായി കണ്ട എന്റെ സിനിമ ദൃശ്യമായിരുന്നു. അതിന് ശേഷം അവന്‍ ഭയന്നു പോയി", തമാശരൂപേണ പറഞ്ഞ് ശ്രിയ ചിരിച്ചു.

മാലിദ്വീപില്‍ കണ്ടു മുട്ടിയ ശേഷം ശ്രിയയും ആന്‍ഡ്രിയും ഡേറ്റിംഗ് ആരംഭിച്ചു. പിന്നീട് 2018 മാര്‍ച്ചില്‍ ലോഖണ്ഡ്‌വാലയിലെ അവരുടെ വസതിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹിതരാകുകയും ചെയ്തു. 2021ല്‍ അവരുടെ മകള്‍ രാധ ജനിക്കുകയും ചെയ്തു.

കാര്‍ത്തിക് ഗട്ടംനേനി സംവിധാനം ചെയ്ത മിറായ് ആണ് അവസാനമായി റിലീസ് ചെയ്ത ശ്രിയയുടെ സിനിമ. തേജ സജ്ജ, മഞ്ചു മനോജ്, ജഗപതി ബാബു, റിതിക നായക്, ജയറാം എന്നിവരാണ് ശ്രിയയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യയും പൂജ ഹെഗ്ഡയും അഭിനയിച്ച തമിഴ് റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ റെട്രോയിലാണ് ശ്രിയയെ ഇതിന് മുമ്പ് അഭിനയിച്ചത്.

SCROLL FOR NEXT