ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഡബ്ല്യുസിസിക്ക് അഭിനന്ദനം അറിയിച്ച് നടി സുമലത. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണെന്നും സുമലത പറഞ്ഞു. റിപ്പോർട്ട് വരുന്നതിന് മുമ്പേ സിനിമയിലുള്ള സ്ത്രീക്കൾക്കെതിരായ അതിക്രമം പരസ്യമായ രഹസ്യങ്ങളായിരുന്നുവെന്നും എന്നാൽ ഇന്ന് ഒരുപാട് സ്ത്രീകൾ അത് മുന്നോട്ട് വന്ന് പറയുന്നുവെന്നും സുമലത പറഞ്ഞു.
'മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി എന്നോട് പങ്കുവെച്ചിട്ടുണ്ട്. സിനിമയിലെ സ്ത്രീ സുരക്ഷ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ എടുക്കണം. പവർ ഗ്രൂപ്പുകൾ എല്ലാ ഇൻഡസ്ട്രികളിലുമുണ്ട്', സുമലത പറഞ്ഞു.
Read More: സിനിമ രംഗത്ത് മാത്രമല്ല, മറ്റ് രംഗങ്ങളിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്നുണ്ട് : ഖുശ്ബു
'ഞാന്‍ ജോലി ചെയ്ത പല സെറ്റുകള്‍ കുടുംബം പോലെയായിരുന്നു. എന്നാല്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ക്കായി സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ചിലർ പറഞ്ഞുവെന്ന് പല സ്ത്രീകളും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അന്ന് ഇതെല്ലാം തുറന്ന് പറയാന്‍ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന കാലമായിരുന്നു. എന്നാല്‍ ഇന്നത് മാറി'യെന്നും സുമലത കൂട്ടിച്ചേര്‍ത്തു.
തനിക്ക് ഇത്തരം സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ലാത്തതിനാൽ ഇൻഡസ്ട്രയിൽ ഇങ്ങനെ ഒരു സംഭവമേ നടക്കുന്നില്ല എന്ന് പറയാൻ സാധിക്കില്ല. അതിലപ്പുറം സ്ത്രീസുരക്ഷയ്ക്കായി നിയമങ്ങൾ കൊണ്ട് വരിക എന്നതാണ് പ്രധാനമെന്നും അത് തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണമെന്നും സുമലത വ്യക്തമാക്കി.
Read More: മുകേഷും ഇടവേള ബാബുവും ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയരാകണം; ഇരുവർക്കുമെതിരെ നിയമനടപടി തുടരും
ഈ നിയമം എല്ലാ സിനിമ വ്യവസായത്തിലും കർശനമായി നടപ്പാക്കണം. അതിന് ഭാഷാഭേദം പാടില്ലെന്നും സുമലത പറഞ്ഞു. സെൻസർ ബോർഡ് മാതൃകയിൽ ദേശീയതലത്തിൽ ഒരു പൊതുസംവിധാനം ഭരണഘടന പ്രകാരം രൂപീകരിക്കണം. അവരായിരിക്കണം ഈ ചട്ടങ്ങൾ നടപ്പാക്കണ്ടത്. ഈ നാട്ടിലെ സ്ത്രീസുരക്ഷയ്ക്ക് അത്രയെങ്കിലും നമ്മൾ ചെയ്യേണ്ടതല്ലേയെന്നും സുമലത ചോദിച്ചു.