താൻ മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് തമിഴ് ചലച്ചിത്ര താരം വടിവുക്കരസി. താൻ പൂർണ ആരോഗ്യവതിയാണെന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും നടി ആരാധകരെയും അഭ്യുദയകാംക്ഷികളെയും അറിയിച്ചു.
തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിളിച്ച എല്ലാവർക്കും നന്ദി പറഞ്ഞ താരം, ഇത്തരം വ്യാജ വാർത്തകൾ ഉണ്ടാക്കുന്ന അനാവശ്യ ആശങ്കകളിൽ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. തന്തി ടിവിയോടായിരുന്നു പ്രതികരണം.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി മുന്നൂറിലധികം സിനിമകളിലും നാൽപ്പതിലധികം ടെലിവിഷൻ പരമ്പരകളിലും വടിവുക്കരസി അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. കമൽഹാസനെ നായകനാക്കി ഭാരതിരാജ ഒരുക്കിയ 'സിഗപ്പ് റോജാക്കൾ' എന്ന സൈക്കോ-ത്രില്ലർ ചിത്രത്തിലൂടെയാണ് സിനിമാപ്രവേശം. തുടർന്ന് 'കന്നി പരുവത്തിലെ' എന്ന ചിത്രത്തിൽ നായികയായി. 'മുതൽ മര്യാദൈ', 'പഠിക്കാത്തവൻ', 'അരുണാചലം', 'പടയപ്പ', 'ശിവാജി', 'ജഗമേ തന്തിരം' തുടങ്ങിയ ചിത്രങ്ങളിലെ വടിവുക്കരസിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ബന്ധുക്കൾ ശത്രുക്കൾ', 'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം', 'ഇവൻ മര്യാദരാമൻ' തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2000ത്തിന്റെ തുടക്കത്തിലാണ് നടി ടെലിവിഷൻ സീരിയൽ രംഗത്തേക്ക് ചുവടുമാറിയത്. 'അലൈഗൾ', 'വംശം', 'കുല ദൈവം', 'കാർത്തികൈ ദീപം' തുടങ്ങിയ പരമ്പരകളിലൂടെ വടിവുക്കരസി തമിഴ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.
അർജുൻ ദാസ്, അന്ന ബെൻ എന്നിവർ പ്രധാനവേഷത്തിലെത്തി 2026ൽ പുറത്തിറങ്ങിയ 'കോൺ സിറ്റി' എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.