തിരുവനന്തപുരം: സ്ത്രീകൾക്കും ദലിത് വിഭാഗങ്ങൾക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിനെതിരെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമ നിർമിക്കുന്നവർക്ക് വ്യക്തമായ പരിശീലനം നൽകണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്നും അടൂർ വിമർശിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവ് വേദിയിലായിരുന്നു അടൂരിൻ്റെ വിവാദ പരാമർശം.
കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ സമരത്തെയും അടൂർ രൂക്ഷമായി വിമർശിച്ചു. അവിടെ ശങ്കർ മോഹനെതിരെ നടന്നത് അനാവശ്യ സമരമാണ്. വേദിയിൽ അടൂർ മുൻ മേധാവി ശങ്കർ മോഹനെ ന്യായീകരിക്കുകയും സമരത്തെ പരിഹസിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒന്നാം നമ്പർ ആകേണ്ട സ്ഥാപനത്തെ ഒന്നുമല്ലാതാക്കി മാറ്റിയെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു.
ഉള്ളൊഴുക്കിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പരിഗണിക്കാത്തതിലും അടൂർ വിമർശനമറിയിച്ചു. ഉള്ളൊഴുക്ക് മികച്ച സിനിമയാണ്. എട്ട് വർഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു വന്ന ആളാണ് സംവിധായാകൻ. അത്തരക്കാർക്ക് സംസ്ഥാന തലത്തിൽ പ്രോത്സാഹനം നൽകേണ്ടതായിരുന്നു. ഡൽഹിയിൽ നിന്ന് ലഭിച്ച അംഗീകാരം അവർക്ക് സന്തോഷം നൽകിയെന്നും അടൂർ പറഞ്ഞു.
അതേസമയം, അടൂരിന്റെ വിവാദ പരാമർശത്തിൽ സദസിൽ നിന്ന് വിമർശനം ഉയർന്നു. കവിയും സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പിയും അടൂരിനെ വിമർശിച്ചു. താൻ വ്യവസായ സിനിമയുടെ ആളാണ്. സിനിമ പഠിച്ചത് സിനിമ നിർമിച്ചാണ്. പാട്ട് എഴുതിയ പണവും സംവിധാനം ചെയ്ത പണവും സിനിമയ്ക്ക് നൽകി. മലയാള സിനിമയെ കണ്ട് മറ്റ് ഇൻട്രൻസ്ട്രി പഠിക്കണം എന്നത് അടൂർ പറഞ്ഞത് പൂർണമായും ശരിയല്ല. മറ്റ് ഭാഷകളിൽ അതത് ഭാഷയ്ക്ക് നികുതി ഇല്ല. എന്നാൽ മറ്റ് ഭാഷകൾക്ക് നികുതി ഉണ്ട്. ഭാഷയെ വളർത്താൻ നമ്മുടെ സർക്കാർ ഇനിയും തീരുമാനങ്ങൾ എടുക്കും. സർക്കാരിൻ്റെ അധികാരങ്ങൾ സിനിമയെ സഹായിക്കാനും കൂടി ഉപയോഗിക്കണമെന്നും ശ്രീകുമാരൻ തമ്പി പ്രതികരിച്ചു.
ഹേമ കമ്മിറ്റിയ്ക്ക് അവസാനം എന്ത് സംഭവിച്ചുവെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു. പരാതി പറഞ്ഞവർ തന്നെ പരാതി പിൻവലിച്ചു. കമ്മിറ്റിയ്ക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയിയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.
അടൂരിൻ്റെ സർക്കാർ നൽകുന്ന സിനിമ ഫണ്ട് വിമർശനത്തെയാണ് സദസിലുണ്ടായിരുന്ന കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്തും വിമർശിച്ചു. പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. തക്കതായ മറുപടി കൊടുക്കാൻ പറ്റി. സദസിൽ നിന്നും ആരും പ്രതികരിക്കുന്നില്ലല്ലോ എന്നതാണ് ആലോചിച്ചത്. നിറഞ്ഞ കയ്യടി പരാമർശത്തിന് ലഭിച്ചു. അത് എന്നെ അത്ഭുതപ്പെടുത്തി. ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങൾ കോൺക്ലേവിൽ ചർച്ചയായി. എസ്‌സി, എസ്‌ടി വിഭാഗം നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട വിഭാഗമാണ്. അടൂരിനോടുള്ള ബഹുമാനം നിലനിർത്തിയാണ് അഭിപ്രായം പറഞ്ഞതെന്നും പുഷ്പവതി പൊയ്പ്പാടത്ത് പറഞ്ഞു.