ധനുഷ്  Source : X
MOVIES

"ധനുഷിനോട് അനുവാദം ചോദിച്ചിരുന്നു, പക്ഷെ എതിര്‍പ്പ് അറിയിച്ചില്ല"; രാഞ്ജന ക്ലൈമാക്‌സ് വിവാദത്തില്‍ നിര്‍മാതാക്കള്‍

ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയുള്ള റീ റിലീസ് തന്നെ പൂര്‍ണമായും അസ്വസ്ഥനാക്കി എന്നാണ് ധനുഷ് അറിയിച്ചത്.

Author : ന്യൂസ് ഡെസ്ക്

നടന്‍ ധനുഷ് കഴിഞ്ഞ ദിവസമാണ് രാഞ്ജന എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് എഐ ഉപയോഗിച്ച് മാറ്റി റീ റിലീസ് ചെയ്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയുള്ള റീ റിലീസ് തന്നെ പൂര്‍ണമായും അസ്വസ്ഥനാക്കി എന്നാണ് ധനുഷ് ഔദ്യോഗിക പ്രസ്താവനയില്‍ കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ ധനുഷിന്റെ ടീം ഈ വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ ലിമിറ്റഡ്.

തന്റെ അനുവാദമില്ലാതെ രാഞ്ജനയുടെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതില്‍ സംവിധായകന്‍ ആനന്ദ് എല്‍ റായ് നിര്‍മാതാക്കളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുന്ദനെ അവതരിപ്പിച്ച ധനുഷും സമൂഹമാധ്യമങ്ങളിലൂടെ തന്റെ എതിര്‍പ്പ് അറിയിച്ചത്.

"എഐയിലൂടെ മാറ്റം വരുത്തിയ ക്ലൈമാക്സോടെയുള്ള രാഞ്ജനയുടെ റീ റിലീസ് എന്നെ പൂര്‍ണമായും അസ്വസ്ഥനാക്കി. ഈ ക്ലൈമാക്സ് സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കി. എന്റെ വ്യക്തമായ എതിര്‍പ്പ് അവഗണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ അത് മുന്നോട്ട് കൊണ്ടു പോയി. 12 വര്‍ഷം മുന്‍പ് ഞാന്‍ കരാര്‍ ഒപ്പിട്ട സിനിമയല്ല ഇത്. സിനിമകളിലോ ഉള്ളടക്കത്തിലോ മാറ്റം വരുത്താന്‍ എഐ ഉപയോഗിക്കുന്നത് കലയ്ക്കും കലാകാരന്മാര്‍ക്കും ഒരുപോലെ ആശങ്കജനകമായ കാര്യമാണ്. കഥ പറച്ചിലിന്റെ സമഗ്രതയെയും സിനിമയുടെ പൈതൃകത്തെയും ഇത് ഭീഷണിപ്പെടുത്തുന്നു. ഭാവിയില്‍ ഇത്തരം രീതികള്‍ തടയുന്നതിന് കര്‍ശനമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു", എന്നാണ് ധനുഷ് കുറിച്ചത്.

എന്നാല്‍ ഇറോസ് ഇന്റര്‍നാഷണല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത് ധനുഷിന്റെ ടീമിനോട് ഈ വിവരം നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നാണ്. "രാഞ്ജന സിനിമയില്‍ വരുത്തിയ മാറ്റത്തെ കുറിച്ച് ധനുഷിന്റെ ടീമുമായി ഇറോസിന്റെ പ്രതിനിധി നേരിട്ട് സംസാരിച്ചിരുന്നെങ്കിലും ഒരു എതിര്‍പ്പും അവര്‍ അറിയിച്ചിരുന്നില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കട്ടെ", എന്നാണ് നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍.

2013ല്‍ പുറത്തിറങ്ങിയ രാഞ്ജനയില്‍ ധനുഷിന്റെ കുന്ദന്‍ എന്ന കഥാപാത്രം ക്ലൈമാക്‌സില്‍ മരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ റീ റിലീസ് ചെയ്ത പതിപ്പില്ല കുന്ദന്‍ മരിക്കുന്നില്ല.

SCROLL FOR NEXT