തലൈവർ രജനീകാന്ത് നായകനായെത്തുന്ന വേട്ടയ്യനിൽ മാസ്സ് എൻട്രിയാണ് മലയാളികളുടെ പ്രിയനടി മഞ്ജു വാര്യർ നടത്തിയത്. രജനീകാന്തിനൊപ്പമുള്ള ചിത്രത്തിലെ ഗാനരംഗങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. മലയാളികളുടെ പ്രിയനടി തമിഴ് സിനിമയ്ക്ക് വേണ്ട ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണെന്നതിൽ ആർക്കും ഇതിനോടകം സംശയമൊന്നും കാണില്ല.
രജനീകാന്ത് ചിത്രത്തിന് ശേഷം മഞ്ജു വാര്യർ അടുത്ത വിജയ് ചിത്രത്തിൽ അഭിനയിക്കുമെന്ന റൂമറുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എസ്എസ് മ്യൂസിക്കുമായുള്ള അഭിമുഖത്തില്‍ സംവിധായകൻ എച്ച്. വിനോദുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് മഞ്ജു വാര്യർ സൂചന നല്‍കിയതിന് പിന്നാലെയാണ് 'ദളപതി 69'ല്‍ മഞ്ജു ഉണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ ഉയർന്നത്.
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 69'. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റും ആരാധകർക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കാറുണ്ട്. വിജയ് ചിത്രത്തില്‍ മഞ്ജു വാര്യരും ഉണ്ടാകുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.