'ദൃശ്യം: ദ കൺക്ലൂഷൻ' Source: X
MOVIES

അജയ് ദേവ്‌ഗണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്; ഹിന്ദി 'ദൃശ്യം 3' ആദ്യ ദിന കളക്ഷൻ ഇങ്ങനെ

'ദൃശ്യം: ദ കൺക്ലൂഷൻ' ആദ്യ ദിനം ബോക്‌സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

അജയ് ദേവ്ഗണിന്റെ 'ദൃശ്യം: ദ കൺക്ലൂഷൻ' ബോക്സ് ഓഫീസിൽ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. 'ദൃശ്യം' ഹിന്ദി ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. വിജയ് സൽഗാവോങ്കറിന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞവസാനിപ്പിക്കുന്ന ചിത്രം ആദ്യദിനം ബോക്‌സ് ഓഫീസിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 66.75 കോടി രൂപയാണ് 'ദൃശ്യം: ദ കൺക്ലൂഷൻ' സിനിമയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ. ഇന്ത്യൻ ഗ്രോസ് കളക്ഷൻ 80.10 കോടിയും ഓവർസീസ് കളക്ഷൻ 15 കോടിയും. ഇതോടെ സിനിമയുടെ ആദ്യ ദിന ആഗോള ഗ്രോസ് 95.10 കോടി രൂപയായി.

അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണിത്. 43.5 കോടി നെറ്റ് കളക്ഷൻ നേടിയിരുന്ന 'സിങ്കം എഗെയ്ൻ' എന്ന ചിത്രത്തിന്റെ റെക്കോർഡാണ് 'ദൃശ്യം 3' മറികടന്നത്. 'ദൃശ്യം' ഫ്രാഞ്ചൈസിയിലെ ആദ്യ രണ്ട് ഭാഗങ്ങളെക്കാളും വളരെ ഉയർന്ന ബോക്സ് ഓഫീസ് ഓപ്പണിങ്ങാണ് മൂന്നാം ചിത്രം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2015ൽ പുറത്തിറങ്ങിയ 'ദൃശ്യം' ഇന്ത്യയിൽ നിന്ന് ആദ്യ ദിനം അഞ്ച് കോടി രൂപ നെറ്റ് കളക്ഷനാണ് നേടിയത്. ആഗോളതലത്തിൽ ആകെ 110.40 കോടി രൂപ ഗ്രോസ് കളക്ഷനും. 2022ൽ തിയേറ്ററുകളിലെത്തിയ 'ദൃശ്യം 2'ന്റെ ഇന്ത്യയിലെ ആദ്യ ദിന നെറ്റ് കളക്ഷൻ 15.38 കോടി രൂപയായിരുന്നു. ആഗോളതലത്തിൽ ആകെ 342 കോടി രൂപ സ്വന്തമാക്കിയാണ് ചിത്രം തിയേറ്ററുകൾ വിട്ടത്. ചുരുങ്ങിയ ദിനംകൊണ്ട് തന്നെ 'ദൃശ്യം 2'ന്റെ ഈ ലൈഫ് ടൈം കളക്ഷൻ 'ദ കൺക്ലൂഷൻ' മറികടക്കുമെന്നാണ് ട്രെൻഡ് സൂചിപ്പിക്കുന്നത്.

അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ നിന്നും വേറിട്ട രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം തബു (മീര ദേശ്മുഖ്), ശ്രിയ ശരൺ (നന്ദിനി), രജത് കപൂർ എന്നിവർ വീണ്ടുമെത്തുന്ന ചിത്രത്തിൽ പുതിയ കഥാപാത്രങ്ങളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകാശ് രാജ്, ജയ്ദീപ് അഹ്‌ലാവത് എന്നിവരാണ് 'ദൃശ്യം: ദ കൺക്ലൂഷനി'ലെ പുതിയ മുഖങ്ങൾ. ഇവരുടെ പ്രകടനമാണ് ഈ ചിത്രത്തിലെ പ്രധാന ആകർഷണം. ഇഷിത ദത്ത, മൃണാൾ യാദവ്, കമലേഷ് സാവന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സ്റ്റാർ സ്റ്റുഡിയോ 18, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ: ആമിൽ കീയാൻ ഖാൻ, അഭിഷേക് പഥക്, പർവേസ് ഷെയ്ഖ്, സംഭാഷണം: ആമിൽ കീയാൻ ഖാൻ, ഛായാഗ്രഹണം: സുധീർ കുമാർ ചൗധരി, എഡിറ്റിങ്: സന്ദീപ് ഫ്രാൻസിസ്, പ്രൊഡക്ഷൻ ഡിസൈൻ: പ്രിയ സുഹാസ്, സംഗീതം: രവി ബസ്രൂർ, റോചക് കോഹ്‌ലി, കർമ്മ, ഗാനരചന: മനോജ് മുൻതഷീർ, ആമിൽ കീയാൻ ഖാൻ, കർമ്മ, സൗണ്ട് ഡിസൈൻ: ബെയ്‌ലോൺ ഫൊൺസെക്ക, കോസ്റ്റ്യൂം ഡിസൈൻ: നവീൻ ഷെട്ടി, താന്യ ഓക്ക്, പശ്ചാത്തലസംഗീതം: അമർ മൊഹിലെ.

SCROLL FOR NEXT