അജയ് ദേവ്ഗണ്‍ Source : Facebook
MOVIES

'സു ഫ്രം സോ' സംവിധായകനൊപ്പം അജയ് ദേവ്ഗണ്‍? ഹൊറര്‍ കോമഡി ഒരുങ്ങുന്നുവെന്ന് സൂചന

കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ഏറ്റവും തിരക്കേറിയ നടന്മാരില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍. നിലവില്‍ ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന റേഞ്ചര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹം. തുടര്‍ന്ന് ദൃശ്യം 3, ഗോല്‍മാല്‍ 5 എന്നീ സിനിമകളുടെ ചിത്രീകരണം അദ്ദേഹം ആരംഭിക്കും. ഒക്ടോബര്‍, ജനുവരി മാസങ്ങളിലാണ് ഈ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുക. ഇപ്പോഴിതാ കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ സു ഫ്രം സോയുടെ സംവിധായകനുമായി അജയ് ദേവ്ഗണ്‍ സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഒരു ഹൊറര്‍ കോമഡി ചിത്രത്തിനായാണ് അജയ് ദേവ്ഗണും ജെപി തുമിനാടും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ സജീവമാണെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

"എല്ലായിടത്തുമുള്ള കലാകാരന്മാരുടെ കഥകള്‍ കേള്‍ക്കാന്‍ അജയ് ദേവ്ഗണ്‍ എപ്പോഴും തയ്യാറാണ്. ജെപി തുമിനാടു അവതരിപ്പിച്ച ആശയം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. തിരക്കഥ പൂര്‍ത്തിയാക്കി തിരിച്ചുവരാന്‍ അദ്ദേഹം സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ അടുത്ത ചര്‍ച്ചകള്‍ നടക്കും", എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം 2026ന്റെ ആദ്യ പകുതിയില്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് ശ്രമിക്കുന്നത്. "കെവിഎന്‍ പ്രൊഡക്ഷന്‍സ് ഹിന്ദിയില്‍ രണ്ട് ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഒന്ന് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന ഹൈവാന്‍. രണ്ടാമത്തേത് അജയ് ദേവ്ഗണ്‍ നായകനാകുന്ന ഒരു ഹൊറര്‍ കോമഡി ചിത്രം. ബാനര്‍ ഹിന്ദിയിലേക്ക് വികസിപ്പിക്കാനുള്ള ശ്രമമാണിത്", എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

യാഷിന്റെ ടോക്‌സിക് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ്. 2026 ഈദ് റിലീസായി ചിത്രം തിയേറ്ററിലെത്തും. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

SCROLL FOR NEXT