ഉത്രാടപ്പാച്ചിലും ഓണക്കോടി എടുക്കലുമൊക്കെ കഴിഞ്ഞ് തിരുവോണ സദ്യയുമുണ്ട് തിയേറ്ററില്‍ പോയി കുടുംബത്തോടൊപ്പം ഒരു സിനിമ കൂടി കണ്ടാലെ മലയാളിയുടെ ഓണാഘോഷം പൂര്‍ണമാകൂ. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇല്ലെങ്കിലും ഓണം കളറാക്കാന്‍ ഒരു പിടി സിനിമകള്‍ തീയേറ്ററുകളിലെത്തുന്നുണ്ട്. ടോവിനോ തോമസ്, ആസിഫ് അലി, ആന്‍റണി വര്‍ഗീസ് എന്നവരടക്കമുള്ള യുവതാരങ്ങളുടെ സിനിമകളാണ് ഓണം റിലീസില്‍ മുന്‍പന്തിയിലുള്ളത്. പഴയകാല നായകരില്‍ റഹ്മാനും സംഘവും കേന്ദ്ര കഥാപാത്രമാകുന്ന ചിത്രവും തീയേറ്ററിലെത്തും.
അജയന്‍റെ രണ്ടാം മോഷണം ARM
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കുന്ന ചിത്രമാണ് അജയന്‍റെ രണ്ടാം മോഷണം. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ ട്രിപ്പിള്‍ റോളിലാണ് ടോവിനോ ചിത്രത്തിലെത്തുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥപറയുന്ന ചിത്രത്തിന്‍റെ 3D, 2D പതിപ്പുകള്‍ സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിലെത്തും. കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ നായികമാര്‍.
മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് അജയന്‍റെ രണ്ടാം മോഷണം നിര്‍മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വൈഡ് റിലീസാണ് അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കനാ’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്.
കൊണ്ടല്‍
ആന്‍റണി വര്‍ഗീസിനെ നായകനാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊണ്ടല്‍. കടപ്പുറം പശ്ചാത്തലമായി ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്നു. ആര്‍ഡിഎക്സിന്‍റെ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പുതുമുഖം പ്രതിഭയാണ് നായിക, റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി മേനോന്‍ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സാം സി എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. വിക്രം മോർ, കലൈ കിങ്‌സൺ എന്നിവരാണ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.
ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന ചിത്രവും ഓണത്തിന് എത്തുന്നുണ്ട്. സെപ്റ്റംബർ 13-ന് ചിത്രം തിയേറ്ററുകളിലെത്തും.
ബാലഗോപാലാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും. രജീഷ് രാമൻ ക്യാമറ കെെകാര്യം ചെയ്യുന്നു. ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ഈ സിനിമയിൽ അബുസലിം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആന്റണി ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ,കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
കിഷ്കിന്ധാ കാണ്ഡം
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'കിഷ്കിന്ധാ കാണ്ഡം'. ഓണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 12 മുതൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്നത്. ജഗദീഷ്, വിജയരാഘവൻ, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
കുമ്മാട്ടിക്കളി
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന 'കുമ്മാട്ടിക്കളി'യും ഓണത്തിന് തിയേറ്ററുകളിലെത്തുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രം ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്നു. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണിത്.
തമിഴ്, കന്നഡ സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.
ബാഡ് ബോയ്സ്
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാഡ് ബോയ്സ്'. കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. സെപ്തംബർ 13ന് ചിത്രം തിയേറ്ററുകളിലെത്തും.
ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അഡാർ ലൗവിന്‍റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. ഡോൺമാക്സ് ക്രിയേറ്റീവ് ഡയറക്ടർ ആവുന്ന ചിത്രത്തിൽ അമീർ കൊച്ചിൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.