MOVIES

അക്ഷയ് കുമാറിന് രക്ഷകനാകാന്‍ പ്രിയദര്‍ശന്‍; കോമഡി ഹൊറര്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു ?

ജന്മദിനമായ സെപ്റ്റംബര്‍ 9ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


പുതിയ സിനിമയുടെ സൂചനകള്‍‍ നല്‍കി ബോളിവുഡ് താരം അക്ഷയ് കുമാര്‍. വിനായക ചതുര്‍ഥി ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്‍ പ്രൊജക്ടിനെ സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. തന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ 9ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയദര്‍ശനാകും സിനിമ സംവിധാനം ചെയ്യുക. അക്ഷയ് കുമാറിനൊപ്പമുള്ള സിനിമയുടെ കഥ പൂര്‍ത്തിയായെന്നും ചിത്രീകരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. എക്ത കപൂര്‍ നിര്‍മിക്കുന്ന സിനിമ ഒരു ഹൊറര്‍ ഫാന്‍റസി കോമഡി ചിത്രമായിരിക്കും.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ - അക്ഷയ് കുമാര്‍ കോംബോ ഒന്നിക്കുന്നത്. 2010-ല്‍ റിലീസായ ഘട്ട മീട്ടയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്. മോഹന്‍ലാല്‍ ചിത്രം വെള്ളാനകളുടെ നാടിന്‍റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് ഭൂല്‍ ഭുലയ്യയിലൂടെയാണ് പ്രിയദര്‍ശന്‍ - അക്ഷയ് കുമാര്‍ കോംബോ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തുടര്‍പരാജയങ്ങളില്‍പ്പെട്ട് കടുത്ത വിമര്‍ശനം നേരിടുന്ന അക്ഷയ് കുമാറിന്‍റെ തിരിച്ചുവരവ് പ്രിയദര്‍ശനിലൂടെയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയില്‍ മൂന്ന് നായികമാരുണ്ടാകും എന്നാണ് സൂചന. കിയാര അദ്വാനി, കീർത്തി സുരേഷ്, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് നായികമാരായി പറഞ്ഞുകേള്‍ക്കുന്നത്. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലാകും ചിത്രീകരണം.

SCROLL FOR NEXT