MOVIES

തമാശയല്ല, വയലൻസ്; എന്‍റെ ആക്ഷൻ രം​ഗങ്ങൾക്ക് പ്രചോദനം 'ടോം ആൻഡ് ജെറി': അക്ഷയ് കുമാർ

"മുൻപ് ഒരു ചിത്രത്തിൽ ചെയ്ത ഹെലികോപ്റ്റർ രം​ഗം മുഴുവൻ ആ കാർട്ടൂണിൽ നിന്നെടുത്തതാണ്"

Author : ന്യൂസ് ഡെസ്ക്

ടോം ആൻഡ് ജെറി കാർട്ടൂണിലെ തമാശകൾ കണ്ട് ചിരിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ നടൻ അക്ഷയ് കുമാറിന് ടോം ആൻഡ് ജെറി വെറും കോമഡിയല്ല, വയലൻസാണ്. അക്രമം എന്നാണ് ടോം ആൻഡ് ജെറിയെ അക്ഷയ് കുമാർ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ഖേൽ ഖേൽ മേം എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് അക്ഷയ് കുമാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ഖേൽ ഖേൽ മേം എന്ന ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത് ഫർദീൻ ഖാനാണ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിനിടെ തനിക്ക് ടോം ആൻഡ് ജെറിയോടുള്ള ഇഷ്ടം ഫർദീൻ തുറന്നു പറഞ്ഞു. അപ്പോഴാണ് അക്ഷയ് കുമാർ കാർട്ടൂണിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. തന്റെ പല സംഘട്ടനരം​ഗങ്ങളും ടോം ആൻഡ് ജെറിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നിർമിച്ചതെന്നും അക്ഷയ് കുമാർ പറഞ്ഞു.

"ടോം ആൻഡ് ജെറി ഒരിക്കലും തമാശയല്ല. അത് അക്രമമാണ്. ഇന്ന് ഞാൻ നിങ്ങളോടൊരു രഹസ്യം പറയാം. കരിയറിൽ എത്രയോ സംഘട്ടനരം​ഗങ്ങളിൽ ഞാൻ അഭിനയിച്ചിരിക്കുന്നു. അതിൽ പലതും ടോം ആൻഡ് ജെറിയിൽനിന്ന് കടംകൊണ്ടതാണ്. മുൻപ് ഒരു ചിത്രത്തിൽ ചെയ്ത ഹെലികോപ്റ്റർ രം​ഗം മുഴുവൻ ആ കാർട്ടൂണിൽ നിന്നെടുത്തതാണ്. എന്തൊക്കെ പറഞ്ഞാലും ടോം ആൻഡ് ജെറിയിൽ ചെയ്യുന്നതുപോലെ അവിശ്വസനീയമായ ആക്ഷൻ രം​ഗങ്ങൾ വേറെവിടേയും കാണാൻ കഴിയില്ല." അക്ഷയ് കുമാർ വ്യക്തമാക്കി.

മുദാസർ അസീസാണ് ഖേൽ ഖേൽ മേം സംവിധാനംചെയ്യുന്നത്. വാണി കപൂർ, പ്ര​ഗ്യാ ജയ്സ്വാൾ, ആമി വിർക്ക്, ആദിത്യ സീൽ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ടി സീരീസ് ഫിലിംസ്, വക്കാവൂ ഫിലിംസ്, വൈറ്റ് വേൾഡ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

SCROLL FOR NEXT