കുറച്ച് വര്‍ഷങ്ങളായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ ബയോപിക്കുകളാണ് ചെയ്തുവരുന്നത്. 2018ലെ പാഡ്മാന്‍ എന്ന ചിത്രത്തില്‍ ലക്ഷ്മി കാന്ത് ചൗഹാന്‍ എന്ന യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തിയായി വേഷമിട്ട് തുടങ്ങിയതാണ് ഇത്. അതിന് ശേഷം അക്ഷയ് കുമാര്‍ ഗോള്‍ഡ് (2018), കേസരി (2019), സാമ്രാട്ട് പൃഥ്വിരാജ് (2022), മിഷന്‍ റാണിഗഞ്ച് (2023), സാര്‍ഫിറ (2024) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ സ്‌കൈ ഫോഴ്‌സ് എന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള അക്ഷയ് കുമാറിന്റെ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ജനുവരി 24നാണ് ചിത്രം തിയേറ്ററിലെത്തിയത്.
സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ ഭാഗമാകേണ്ടിയിരുന്ന കഥകളാണ് താന്‍ സിനിമയായി ചെയ്യാറെന്ന് അക്ഷയ് കുമാര്‍ അടുത്തിടെ സിഎന്‍എന്‍-ന്യൂസ് 18 ഷോഷയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'പുസ്തകത്തില്‍ ഇല്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ ചരിത്ര പുസ്തകങ്ങളുടെ ഭാഗമല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറ്. എനിക്ക് ചെയ്യേണ്ടതും അതാണ്. അവരെല്ലാം നമുക്കറിയാത്ത ഹീറോകളാണ്. ആളുകള്‍ക്ക് അവരെ കുറിച്ച് ഒന്നും തന്നെ അറിയില്ല. കാരണം ആരും അത്ര ആഴത്തില്‍ ചെല്ലുന്നില്ല. ഞാന്‍ അത്തരം കഥാപാത്രങ്ങളിലേക്കാണ് ഇറങ്ങി ചെല്ലാറ്', അക്ഷയ് കുമാര്‍ പറഞ്ഞു.
അതോടൊപ്പം കുട്ടികളുടെ ചരിത്ര പുസ്തകങ്ങളെ കുറിച്ചും അക്ഷയ് കുമാര്‍ പരാതി പറഞ്ഞു. 'ഒരുപാട് കാര്യങ്ങള്‍ തിരുത്തേണ്ടതായുണ്ട്. നമ്മള്‍ അക്ബറിനെ കുറിച്ചും ഔറങ്കസേബിനെ കുറിച്ചുമാണ് വായിക്കുന്നത് അല്ലാതെ നമ്മുടെ സ്വന്തം വീരന്‍മാരെ കുറിച്ച് നമ്മള്‍ വായിക്കുന്നില്ല. അവരെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. ആര്‍മിയെ കുറിച്ചും ഒരുപാട് കഥകള്‍ ഉണ്ട്. ഒരുപാട് സൈനികര്‍ക്ക് പരമ വീര ചക്രം കിട്ടിയിട്ടുണ്ട്. എനിക്ക് തോന്നുന്നത് ചരിത്രം തിരുത്തേണ്ടിയിരിക്കുന്നു എന്നാണ്. എന്നിട്ട് ഇത്തരം നേതാക്കന്‍മാരെ കുറിച്ച് നമ്മുടെ തലുമുറയെ പഠിപ്പിക്കേണ്ടതുണ്ട്', എന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.