ജോളി എല്‍എല്‍ബി 3 എന്ന ചിത്രത്തിലൂടെ ജുഡീഷ്യറിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് നടന്മാരായ അക്ഷയ് കുമാര്‍, അര്‍ഷാദ് വാര്‍സി, സംവിധായകന്‍ സുഭാഷ് കപൂര്‍ എന്നിവര്‍ക്ക് പൂനെ സിവില്‍ കോടതി സമന്‍സ് അയച്ചു. അഭിഭാഷകന്‍ വാജെദ് റഹീം ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് സമന്‍സ് അയച്ചത്. ഒക്ടോബര്‍ 28ന് രാവിലെ 11 മണിക്ക് മൂന്ന് പേരോടും നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സിനിമ നിയമവ്യവസ്ഥയെ പരിഹസിക്കുകയും കോടതി നടപടിക്രമങ്ങളെ അനാദരിക്കുകയും ചെയ്തുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷകരെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചും ജഡ്ജിമാരെ 'മാമ' എന്ന് വിളിക്കുന്ന രംഗത്തെ കുറിച്ചും ഹര്‍ജിയില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.
"അഭിഭാഷകരോട് ബഹുമാനം ഉണ്ടായിരിക്കണം. അതുകൊണ്ടാണ് അഭിഭാഷകരെയും ജഡ്ജിമാരെയും കുറിച്ച് അവര്‍ കാണിച്ചതെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അക്ഷയ് കുമാര്‍, അര്‍ഷാദ് വാല്‍സി, സംവിധായകന്‍ എന്നിവരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്", എന്ന് എഎന്‍ഐയോട് സംസാരിക്കവെ അഭിഭാഷകന്ഡ വാജെദ് റഹീം ഖാന്‍ പറഞ്ഞു.
2024ല്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പരാതി ആദ്യമായി സമര്‍പ്പിച്ചത്. അക്ഷയ്, അര്‍ഷദ് എന്നിവര്‍ അവതരിപ്പിക്കുന്ന രണ്ട് അഭിഭാഷകര്‍ ഏറ്റുമുട്ടുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയിരുന്നു.
ബോളിവുഡ് ലീഗല്‍ കോമഡി ഫ്രാഞ്ചൈസിയായ ജോളി എല്‍എല്‍ബിയുടെ മൂന്നാം ഭാഗമാണ് ഈ ചിത്രം. അര്‍ഷദ് നായകനായി 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. 10 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 50 കോടിയോളം വരുമാനം നേടി. അക്ഷയ് കുമാര്‍ നായകനായി എത്തിയ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ 200 കോടിയാണ് ചിത്രം നേടിയത്.