MOVIES

ആലപ്പുഴ ജിംഖാന അടിപ്പടമല്ല, കോമഡി പടം: ലുക്മാന്‍

ചിത്രത്തില്‍ ഒരു കോച്ചിന്റെ വേഷത്തിലാണ് താന്‍ എത്തുന്നതെന്നും ലുക്മാന്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്



ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയ്ക്കായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രം ഒരു അടിപ്പടമായിരിക്കുമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിന് ഒരു മാറ്റം വന്നിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലുക്മാന്‍ അവറാന്‍ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

'ആലപ്പുഴ ജിംഖാന ഒരു അടിപ്പടമല്ല. അങ്ങനെ ഒന്നും പ്രതീക്ഷിക്കണ്ട. ചിത്രം ഒരു കോമഡി പടമാണ്. പിന്നെ ഇടി ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇടി ഉണ്ടാകും', എന്നാണ് ലുക്മാന്‍ പറഞ്ഞത്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'അതിഗംഭീര കാമുകന്റെ' പൂജ ചടങ്ങില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലുക്മാന്‍. ചിത്രത്തില്‍ ഒരു കോച്ചിന്റെ വേഷത്തിലാണ് താന്‍ എത്തുന്നതെന്നും ലുക്മാന്‍ അറിയിച്ചു.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഖാലിദ് റഹ്‌മാന്‍ തന്നെയാണ് തിരക്കഥ. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതിയിരിക്കുന്നത്.

SCROLL FOR NEXT