MOVIES

'നേരിട്ട് സാമ്യമില്ല'; ജിഗ്രയെ അനിമലുമായി താരതമ്യം ചെയ്യുന്നതില്‍ ആലിയ ഭട്ട്

ഡല്‍ഹിയില്‍ വെച്ച് നടന്ന ജിഗ്രയുടെ പ്രമോഷന്‍ പരിപാടിയിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്

Author : ന്യൂസ് ഡെസ്ക്


ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി വസന്‍ ബാല സംവിധാനം ചെയ്ത ചിത്രമാണ് ജിഗ്ര. ജിഗ്രയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സിനിമയെ രണ്‍ബീര്‍ കപൂറിന്റെ അനിമലുമായി സമൂഹമാധ്യമത്തില്‍ താരതമ്യം ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്. ഡല്‍ഹിയില്‍ വെച്ച് നടന്ന ജിഗ്രയുടെ പ്രമോഷന്‍ പരിപാടിയിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

'മിക്ക സിനിമകളുടെയും പൊതുവായ പ്രമേയം പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ്. നിരവധി സിനിമകള്‍ അത്തരത്തില്‍ നിര്‍മിച്ചിട്ടുണ്ട്. ആ വശം മാറ്റി നിര്‍ത്തിയാല്‍ രണ്ട് സിനിമകളും തമ്മില്‍ നേരിട്ട് സാമ്യം ഒന്നുമില്ല', എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.


തന്റെ ജോലിയെ കുറിച്ചും സിനിമകളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ രണ്‍ബീര്‍ കപൂറിനെ പോലൊരു നടന്‍ തനിക്ക് സുഹൃത്തായി ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്നും ആലിയ പറഞ്ഞു. 'എന്റെ ഭര്‍ത്താവ് എന്റെ നല്ല സുഹൃത്തും മികച്ച നടനുമായതിനാല്‍ ഞാന്‍ ഭാഗ്യവതിയാണ്. കാരണം ഓരോ തവണ എനിക്ക് കഥാപാത്രവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ ഞാന്‍ രണ്‍ബീറുമായി ചര്‍ച്ച ചെയ്യുമായിരുന്നു. അനിമലിന് വേണ്ടി രണ്‍ബീര്‍ ഞാനുമായും ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നു', ആലിയ കൂട്ടിച്ചേര്‍ത്തു.

ജിഗ്ര ഒക്ടോബര്‍ 11നാണ് തിയേറ്ററിലെത്തുന്നത്. ആലിയയെ കൂടാതെ വേദാംഗ് റൈനയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ഒരു സഹോദരി തന്റെ സഹോദരനെ സംരക്ഷിക്കാന്‍ വേണ്ടി ഏത് അറ്റം വരയും പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 2022ല്‍ പുറത്തിറങ്ങിയ ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തിന് ശേഷം എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആലിയ ഭട്ട് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ജിഗ്ര.



SCROLL FOR NEXT