പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് ജീ ലേ സറാ. 2021ലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 2022ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൂടിയായ ആലിയ ഭട്ട് എന്തുകൊണ്ടാണ് ജീ ലേ സറാ വൈകുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ദി ലാലന്‍ടോപ്പിനോട് സംസാരിക്കവെയാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
'ചിത്രീകരണം എപ്പോള്‍ ആരംഭിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷെ സിനിമ എന്തായാലും സംഭവിക്കും. ആ സിനിമയുടെ ഭാഗമായ എല്ലാവരും സംഭവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സിനിമയാണ് ജീ ലേ സറാ. എന്നാല്‍ ഏറ്റവും വലിയ ബുദ്ധിമുട്ട് എന്ന് പറയുന്നത് കാസ്റ്റ് ആന്‍ഡ് ക്ര്യൂവിനെ ഒരുമിച്ച് കൊണ്ടുവരുക എന്നതാണ്. കേന്ദ്ര കഥാപാത്രങ്ങളുടെ ഡേറ്റ് കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ എല്ലാവരുടെയും മനസില്‍ സിനിമ നിര്‍മിക്കണമെന്ന കാര്യമുണ്ട്', എന്നാണ് ആലിയ ഭട്ട് പറഞ്ഞത്. നേരത്തെ സംവിധായകന്‍ ഫര്‍ഹാന്‍ അക്തറും കേന്ദ്ര കഥാപാത്രങ്ങളുടെ ഡേറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തെ കുറിച്ച് സംസാരിച്ചിരുന്നു.
ജിഗ്രയാണ് ആലിയ ഭട്ടിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. വസന്‍ ബാല സംവിധാനം ചെയ്ത ചിത്രം ഒരു ആക്ഷന്‍ മൂവിയാണ്. വേദാഗ് റൈനയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരന്റെയും സഹോദരിയുടെയും ബന്ധത്തെ കുറിച്ചുള്ള വൈകാരികമായ കഥയാണ് ജിഗ്ര പറയുന്നത്. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആലിയ ഭട്ടും ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.