ആലിയ ഭട്ട് നായികയാകുന്ന ഹിന്ദി ചിത്രം 'ജിഗ്ര'യുടെ ട്രെയ്‌ലർ റിലീസ് ആയി. 'റോക്കി ഓർ റാണി കീ പ്രേം കഹാനി'ക്ക് ശേഷം ആലിയ ഭട്ട് അഭിനയിക്കുന്ന ഹിന്ദി ചിത്രം കൂടിയാണ് ജിഗ്ര. വസൻ ബാല സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 11 നാണ് റിലീസ് ചെയ്യുന്നത്.
ആലിയ ഭട്ടിനോടൊപ്പം വേദാംഗ് റെയ്നയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ആലിയ ഭട്ട് വേദാംഗ് റെയ്നയുടെ സഹോദരിയായാണ് വേഷമിടുന്നത്. ചെയ്യാത്ത കുറ്റത്തിന് സഹോദരൻ പ്രതിയാകുമ്പോൾ, അവനു വേണ്ടി നീതിക്കായി പോരാടുന്ന സഹോദരിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരുടെയും വൈകാരികമായ മുഹൂർത്തങ്ങളും ട്രെയിലറിൽ കാണാം. ചിത്രം ഒരു ആക്ഷൻ ത്രില്ലർ കൂടിയാകുമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
ആദിത്യ നന്ദ, ശോഭിത ധുലീപാല, മനോജ് പഹ്വ, രാഹുൽ രവീന്ദ്രൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ധർമ പ്രൊഡക്ഷന്സിന്റെയും ഇറ്റേർണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മെഹ്ത, ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സൗമ്യ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.