ഹൈദരാബാദ്: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കാന്താര ചാപ്റ്റർ 1'നെ പുകഴ്ത്തി തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്‍. 'മൈന്‍ഡ് ബ്ലോയിങ്' എന്നാണ് സിനിമയെ താരം വിശേഷിപ്പിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് അല്ലു അർജുന്‍ സിനിമ കണ്ട അനുഭവം പങ്കുവച്ചത്.
"കഴിഞ്ഞ രാത്രി കാന്താര കണ്ടു. വൗ, മനസിനെ സ്പർശിക്കുന്ന ചിത്രം. കണ്ട് ഞാന്‍ മതിമറന്നുപോയി. സംവിധായകൻ, എഴുത്തുകാരൻ, അഭിനേതാവ് എന്നീ നിലകളിൽ വൺ മാൻ ഷോ നടത്തിയ ഋഷഭ് ഷെട്ടിക്ക് അഭിനന്ദനങ്ങൾ. തന്റെ ക്രാഫ്റ്റിൽ അദ്ദേഹം മികച്ച് നിന്നു," അല്ലു അർജുൻ എക്സിൽ കുറിച്ചു.
സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരെയും താരം അഭിനന്ദിച്ചു. "രുക്മിണി വസന്തിന്റെയും ജയറാമിന്റെയും ഗുൽഷൻ ദേവയ്യയുടെയും മനോഹരമായ പ്രകടനം. സാങ്കേതിക വിദഗ്ധരുടെ മിന്നുന്ന വർക്ക്...പ്രത്യേകിച്ച് അജനീഷ് ലോക്നാഥിന്റെ സംഗീതവും അരവിന്ദ് കശ്യപിന്റെ സിനിമാറ്റോഗ്രഫിയുംധരണി ഗംഗാ പുത്രയുടെ കലാസംവിധാനവും. സിനിമയുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസിനെയും തെലുങ്ക് സൂപ്പർ താരം അഭിനന്ദിച്ചു.
ഒക്ടോബർ രണ്ടിനാണ് 'കാന്താര ചാപ്റ്റർ 1' വേൾഡ് വൈഡ് റിലീസ് ആയത്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഋഷഭ് ഷെട്ടിയാണ് സിനിമയുടെ രചനയും സംവിധാനവും. 2022ൽ ഇറങ്ങിയ 'കാന്താര'യുടെ രണ്ടാം ഭാഗമായാണ് സിനിമ ഇറങ്ങിയത്. 'കാന്താര'യിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി.