നാഗ ചൈതന്യ കേന്ദ്ര കഥാപാത്രമായ തണ്ടേലിന്റെ ഹിന്ദി ട്രെയ്‌ലര്‍ ലോഞ്ചില്‍ ആമിര്‍ ഖാനായിരുന്നു മുഖ്യ അതിഥി. വേദിയില്‍ വെച്ച് നിര്‍മാതാവ് അല്ലു അരവിന്ദ് ഗജനി 2നെ കുറിച്ച് ആമിര്‍ ഖാനുമായി സംസാരിച്ചു. 'ഗജനി നിര്‍മിക്കുന്ന സമയത്ത് ആമിര്‍ ഖാന്‍ എന്നോട് പറഞ്ഞിരുന്നു ഈ സിനിമ ചിലപ്പോള്‍ 100 കോടി നേടുമെന്ന്', അല്ലു അരവിന്ദ് പറഞ്ഞു.
'ഞാന്‍ അങ്ങനെ പറഞ്ഞോ, അതുപോലെ തോന്നുന്നില്ലല്ലോ. ചിലപ്പോള്‍ ഷോര്‍ട്ട് ടേം മെമ്മറി ലോസായിരിക്കും', ആമിര്‍ ഖാന്‍ മറുപടി പറഞ്ഞു. 'എനിക്ക് ഒരു 1000 കോടി സിനിമ നിര്‍മിക്കണം. ചിലപ്പോള്‍ ഗജനി 2', അല്ലു അരവിന്ദ് പറഞ്ഞു. സമൂഹമാധ്യമത്തില്‍ ഇതു സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ആമിര്‍ ഖാന്‍ അതിന് മറുപടി പറഞ്ഞത്.
ഗജനി ഒരു ഫ്രാഞ്ചൈസ് ആക്കി മാറ്റാനുള്ള ശ്രമം ആമിര്‍ ഖാന്‍ നടത്തുന്നുണ്ടെന്ന് നേരത്തെ പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗജനി 2ന് മികച്ച കഥാപരിസരം ഉണ്ടാക്കുന്നതിന് നിര്‍മാതാവ് അല്ലു അരവിന്ദുമായി ആമിര്‍ ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഗജനി 2ന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കാന്‍ ആമിര്‍ ഖാന്‍ കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടീം ആദ്യ ഭാഗത്തിന്റെ വിജയം രണ്ടാം ഭാഗത്തിനും ലഭിക്കാനുള്ള പരിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആമിര്‍ ഖാന്റെ ഗജനി വലിയ സ്വാധീനം ചെലുത്തിയിരുന്നു. ആദ്യമായി 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയായിരുന്നു ഗജനി.