നിവിൻ പോളി, അൽഫോൺസ് പുത്രൻ 
MOVIES

ലോക സിനിമാ ചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത നാലാം ചിത്രം, നിവിൻ പോളി - അൽഫോൺസ് പുത്രൻ പടം വരുന്നു; ടൈറ്റിൽ ഉടൻ

നിവിന്റെ 50 ാം ചിത്രമാണ് അൽഫോൺസ് ഒരുക്കാൻ ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാളി സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കുന്നു! അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ വീണ്ടുമിതാ ഒരു നിവിൻ പോളി ചിത്രം എത്തുന്നു. നിവിന്റെ 50ാം ചിത്രമാണ് ഒരുങ്ങുന്നത്. സിനിമയുടെ ടൈറ്റിൽ ജൂൺ 27ന് പുറത്തുവിടും. പദ്മ തിയേറ്ററിൽ നടക്കുന്ന ടൈറ്റിൽ ലോഞ്ചിലേക്ക് ആരാധകരെ സ്വാഗതം ചെയ്തുകൊണ്ട് സംവിധായകൻ പങ്കുവച്ച പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

'നേരം', 'പ്രേമം' എന്നീ ഹിറ്റുകൾ സൃഷ്ടിച്ച നിവിൻ പോളി-അൽഫോൺസ് പുത്രൻ കൂട്ടുകെട്ടിൽ ഒരു ചിത്രത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയാണ്. 2013ലാണ് ഇവർ ഒന്നിച്ച ആദ്യ ചിത്രം, 'നേരം' ഇറങ്ങുന്നത്. മലയാളത്തിന് പുറമേ തമിഴിലും സിനിമ ഹിറ്റായി. അൽഫോൺസ് എന്ന ഫിലിം മേക്കറുടെ സംവിധാന ശൈലി സിനിമാവൃത്തങ്ങളിൽ ചർച്ചയായി. 2015ൽ 'പ്രേമം' ഇറങ്ങിയതോടെ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിൽ അൽഫോൺസ് ഇരിപ്പിടം ഉറപ്പിച്ചു.

നിവിൻ പോളിക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രങ്ങളിൽ ഒന്നാണ് 'പ്രേമം'. ട്രെയ്‌ലറും ടീസറും ഇല്ലാതെ എത്തിയ ചിത്രം തിയേറ്ററുകളിൽ തരംഗമായി മാറുകയായിരുന്നു. രാജേഷ് മുരകേശൻ ഒരുക്കിയ സിനിമയിലെ പാട്ടുകൾക്ക് ഇന്നും ഇന്നും പലരുടേയും പ്ലേലിസ്റ്റുകളിൽ മുൻപിലാണ്.

2022ൽ ഇറങ്ങിയ 'ഗോൾഡ്' ആണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത അവസാന ചിത്രം. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ തിയേറ്ററുകളിൽ വിജയമായിരുന്നില്ല.

അതേസമയം, 'പ്രേമലു'വിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബത്ലഹേം കുടുംബ യൂണിറ്റ്' ആണ് നിവിൻ പോളിയുടെ വരാനിരിക്കുന്ന ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക. ഓണം റിലീസ് ആയാണ് ചിത്രം എത്തുക.

SCROLL FOR NEXT