ബോളിവുഡ് സ്റ്റാർ ആമിർ ഖാന് ഇങ്ങ് കേരളത്തിൽ വരെ നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം കൂലി യിൽ കാമിയോ റോളിലെത്തുന്നതോടെ സിനിമാ പ്രമികൾ ഇരട്ടി സന്തോഷത്തിലാണ്. സിനിമകളും, തിരക്കുകളും, വിജയങ്ങളുമെല്ലാം ചർച്ചയാകുന്നതിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് ആമീർ.
താൻ കടന്നുപോയ ഒരു ദുരിത കാലത്തെയാണ് താരം ദി ലലൻ ടോപ്പിന് നൽകിയ അഭിമുഖത്തിൽ താരം വിശദീകരിച്ചിരിക്കുന്നത്. തന്റെ ആദ്യ ഭാര്യ റീന ദത്തയുമായി വേർ പിരിഞ്ഞ സമയത്തെയാണ് ആമിർ വിശദീകരിച്ചത്. ബന്ധം പിരിയുന്ന സമയം വളരെ മോശം അവസ്ഥയിലായിരുന്നു തനെന്ന് അദ്ദേഹം വെളിപ്പെടുത്തി. മദ്യപാനവും, ജീവനൊടുക്കാനുള്ള തോന്നലുമെല്ലാം ആ സമയത്ത് ഉണ്ടായിരുന്നവെന്നും ആമിർ പറഞ്ഞു.
2002 ലാണ് ആമിറും റീനയും വേർപിരിഞ്ഞത്. ഡിവോഴ്സിന്റെ ദിവസം വൈകീട്ട് ഒരു ഫുൾ ബോട്ടിൽ മദ്യം താൻ കുടിച്ചു തീർത്തതായി ആമിർ പറഞ്ഞു. പിന്നീടുളള ഒന്നരവർഷം പൂർണമായും മദ്യത്തിന് അടിമയായിരുന്നു. ഒരു ദിവസം പോലും നന്നായി ഉറങ്ങാൻ സാധിച്ചിരുന്നില്ല. അമിതമായ മദ്യപാനം സ്വബോധം നഷ്ടപ്പെടുത്തി. ജോലി ചെയ്യുന്നില്ല, എല്ലാവരിൽ നിന്നും അകന്നു, ജീവനൊടുക്കാൻ വരെ ശ്രമിക്കുകയായിരുന്നവെന്നും ആമിർ വെളിപ്പെടുത്തി.
ആ സമയത്താണ് ലഗാൻ എന്ന സിനിമ റിലീസ് ചെയ്യുന്നത്. അന്ന് ഒരു മാധ്യമം 'മാൻ ഓഫ് ദി ഇയർ, ആമിർ ഖാൻ' എന്ന് വിളിച്ചു, അത് വളരെ വിരോധാഭാസമായി തോന്നി,' അമീർ അഭിമുഖത്തിൽ പറഞ്ഞു. 1986 ലാണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാകുന്നത്. പിന്നീട് 16 വർഷത്തിന് ശേഷം 2002 ൽ വേർപിരിഞ്ഞു. ശേഷം 2005 ൽ ആമിർ കിരൺ റാവുവിനെ വിവാഹം ചെയ്തു. 2021 ൽ അവർ വേർപിരിയുകയും ചെയ്തു.