'അമ്മ' തെരഞ്ഞെടുപ്പ് Source : Facebook / AMMA - Association Of Malayalam Movie Artists
MOVIES

'അമ്മ' തെരഞ്ഞെടുപ്പ്; 2018ല്‍ അമ്മ ഷോയ്ക്കിടെ നടിമാരുടെ പരാതികള്‍ ഷൂട്ട് ചെയ്തു, പിന്നീട് പൂഴ്ത്തിയെന്ന് ആരോപിച്ച് സ്ഥാനാര്‍ത്ഥികള്‍

ഹേമ കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കാനാണെന്ന് പറഞ്ഞായിരുന്നു പരാതികള്‍ ഷൂട്ട് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

2018ല്‍ 'അമ്മ' ഷോയുടെ പരിശീലനത്തിനിടെ വനിതാ താരങ്ങളുടെ പരാതികള്‍ വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് അത് പൂഴ്ത്തിയെന്നും ആരോപണം. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കാനാണെന്ന് പറഞ്ഞായിരുന്നു പരാതികള്‍ ഷൂട്ട് ചെയ്തത്. എന്നാല്‍ പരാതികള്‍ വിലപേശലിന് വേണ്ടിയാണ് പൂഴ്തിയതെന്നാണ് ആരോപണം. സംഘടനയില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയത്. അന്ന് ഭരണ സമിതിയില്‍ ഉണ്ടായിരുന്നവര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ആരോപണ വിധേയര്‍ ഭരണസമിതിയിലേക്ക് മത്സരിക്കുന്നതിനെതിരെയും സംഘടനയില്‍ തര്‍ക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്‍ അനൂപ് ചന്ദ്രന്‍ ബാബുരാജ് മത്സരിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ബാബുരാജ് ബലാത്സംഗ കേസിലെ പ്രതിയാതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് അനൂപ് ചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച് നടി അന്‍സിബ ഹസന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാള്‍ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ ഇവിടെ എന്താണ് പ്രശ്‌നമെന്നായിരുന്നു അന്‍സിബ പറഞ്ഞത്.

ഓഗസ്റ്റ് 15നാണ് സംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

SCROLL FOR NEXT