കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരം നടക്കുന്നു. ജഗദീഷും ശ്വേത മേനോനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിലവില്‍ അഞ്ചിലേറെ പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമര്‍പ്പിച്ചിട്ടുള്ളത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസനും പത്രിക നല്‍കിയിട്ടുണ്ട്. ആകെ 508 അംഗങ്ങളാണ് 'അമ്മ'യിലുള്ളത്. അതില്‍ ഇന്നലെ വരെ 125ഓളം പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംഘടനയിലെ താരങ്ങളില്‍ മിക്കവരും ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.
രാവിലെ വോട്ടെടുപ്പിന് ശേഷം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.