നടന്‍ ജഗദീഷ് 'അമ്മ' തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ സാധ്യത. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാനാണ് സാധ്യത. വനിത നേതൃത്വം എത്തുന്നതിനെ പിന്തുണയ്ക്കാനാണ് സാധ്യതയെന്നും സൂചനയുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുമായി സംസാരിച്ചതിന് ശേഷമായിരിക്കും തീരുമാനം എടുക്കുക.
പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷിന് പുറമെ ശ്വേത മേനോനും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ അഞ്ചിലേറെ പത്രികകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം തുടരില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.
സംഘടനയിലെ താരങ്ങളില്‍ മിക്കവരും ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഭരണസമിതിയിലെ സുപ്രധാന സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇത്തവ വനിതകള്‍ കൂടുതലാണെന്നതും ശ്രദ്ധേയമാണ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശ്വേത മേനോനും, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നവ്യാ നായര്‍, ആശാ അരവിന്ദ്, ലക്ഷ്മിപ്രിയ എന്നിവരും മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് അന്‍സിബയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കൂ പരമേശ്വരനുമാണ് മത്സരിക്കുക.