'അമ്മ' തെരഞ്ഞെടുപ്പ് Source : Facebook / AMMA - Association Of Malayalam Movie Artists
MOVIES

'അമ്മ' തെരഞ്ഞെടുപ്പ്; ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചത് ആറ് പേർ

നടൻ രവീന്ദ്രൻ അടക്കമുള്ള ആറ് പേരാണ് പത്രിക നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടനയായ 'അമ്മ' ഭരണ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഇതുവരെ ലഭിച്ചത് ആറ് നാമനിർദേശ പത്രികകൾ. നടൻ രവീന്ദ്രൻ അടക്കമുള്ള ആറ് പേരാണ് പത്രിക നൽകിയത്. കൂടുതൽ പേർ ഇന്നും നാളെയുമായി പത്രിക നൽകാൻ സാധ്യതയുണ്ട്. ജൂലൈ 24-ാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി.

ജൂലൈ 31ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ വോട്ടെടുപ്പിന് ശേഷം വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് മുന്‍ 'അമ്മ' ജനറല്‍ സെക്രട്ടറിയായിരുന്നു ഇടവേള ബാബുവിന്റെ തീരുമാനം. ഇടവേള ബാബു അടക്കമുള്ളവർ മത്സരരംഗത്ത് എത്തുന്നതിനെ ചെറുക്കാൻ ഒരു വിഭാഗം ശ്രമം തുടങ്ങി. ഇടവേള ബാബുവിനെതിരെ കേസ് നില്‍ക്കുന്നതിനാല്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവരുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. നവ്യ നായരെ തെരഞ്ഞെടുപ്പ് കളത്തിലിറക്കാന്‍ 'അമ്മ'യുടെ പെണ്‍മക്കള്‍ എന്ന വാട്‌സ്അപ്പ് കൂട്ടായ്മ രംഗത്തെത്തിയിട്ടുണ്ട്.

SCROLL FOR NEXT