ദേവരയുടെ വന്‍ വിജയത്തിന് പിന്നാലെ സംഗീത സംവിധായകന്‍ അനിരുദ്ധ് വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകുന്നു. ദസ്റ ഫെയിം ശ്രീകാന്ത് ഒഡേല നാനിക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമക്ക് വേണ്ടിയാണ് അനിരുദ്ധ് സംഗീതമൊരുക്കുന്നത്. അനിരുദ്ധിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് നിര്‍മാതാക്കളായ എസ്എല്‍വി സിനിമാസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ജേഴ്സി, ഗ്യാങ് ലീഡര്‍ തുടങ്ങിയ സിനിമകളുടെ വിജയത്തിന് പിന്നാലെ ഇത് മൂന്നാം തവണയാണ് അനിരുദ്ധ് നാനി ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മാസ് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റുള്ള സിനിമയാണ്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തുടര്‍ ഹിറ്റുകളൊരുക്കിയ അനിരുദ്ധ് ദക്ഷിണേന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. രജനികാന്തിന്റെ വേട്ടയ്യനാണ് ഏറ്റവും ഒടുവിലെത്തിയ ' An Anirudh Musical' സിനിമ.
നാനിയും എസ്ജെ സൂര്യയും പ്രധാന വേഷങ്ങളിലെത്തിയ സാരിപൊദ്ദ സനിവാരം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സിനിമയുടെ ഡിജിറ്റല്‍ പ്രീമിയര്‍ നെറ്റ്ഫ്ലിക്സിലൂടെ ആരംഭിച്ചു.