അഞ്ജലി രാഘവ് Source : Instagram
MOVIES

പൊതുപരിപാടിയില്‍ നടന്‍ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു; ഭോജ്പുരി ഇന്‍ഡസ്ട്രി ഉപേക്ഷിച്ച് നടി അഞ്ജലി രാഘവ്

ഭോജ്പുരി നടന്‍ പവന്‍ സിംഗ് നടി അഞ്ജലി രാഘവിനെ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ഭോജ്പുരി നടന്‍ പവന്‍ സിംഗ് നടി അഞ്ജലി രാഘവിനെ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ ആ വീഡിയോയെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി അഞ്ജലി രാഘവ്.

ആ സമയത്ത് തന്റെ മനസിലൂടെ കടന്ന് പോയതെന്താണെന്ന് അഞ്ജലി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ വിശദീകരിച്ചു. പരിപാടി നടക്കുന്നതിനിടെ പവന്‍ അഞ്ജലിയുടെ ശരീരത്തിലേക്ക് വിരല്‍ ചൂണ്ടി അവിടെ എന്തോ കുടുങ്ങി കിടക്കുന്നതായി പറയുകയായിരുന്നു. "എന്റെ സാരി പുതിയതായിരുന്നു. അതുകൊണ്ട് താഴെ ടാഗ് കാണുന്നുണ്ടായിരുന്നിരിക്കാം. അല്ലെങ്കില്‍ ബ്ലൗസില്‍ ടാഗ് ഉണ്ടായിരുന്നിരിക്കാം. അദ്ദേഹം കൈ ചൂണ്ടിയപ്പോള്‍ പിന്നീട് അത് ശരിയാക്കാം എന്ന് കരുതി ഞാന്‍ ചിരിച്ചു തള്ളി. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചുകൊണ്ട് സദസിനോട് സംസാരിക്കുന്നത് തുടര്‍ന്നത്", അഞ്ജലി പറഞ്ഞു.

എന്നാല്‍ പവന്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍, എന്തോ കുടുങ്ങിക്കിടക്കുകയാണെന്ന് താന്‍ കരുതിയെന്ന് അഞ്ജലി വീണ്ടും ഓര്‍മിച്ചു. "പിന്നീട് എന്റെ ടീമിനോട് എന്തെങ്കിലും ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അവര്‍ അവിടെ ഒന്നുമില്ലെന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് വളരെ വിഷമം തോന്നിയത്. എനിക്ക് ദേഷ്യവും വന്നു. കരയുകയും ചെയ്തു. പക്ഷെ ആ നിമിഷം എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു", അവര്‍ വ്യക്തമാക്കി.

വേദിക്ക് പിന്നില്‍ വെച്ച് പവന്‍ സിംഗിനോട് നേരിട്ട് സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പവന്‍ അവിടെ നിന്നും പോവുകയായിരുന്നു എന്നും നടി പറഞ്ഞു. അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും വിവാദം രൂക്ഷമായെന്ന് അവര്‍ മനസിലാക്കി.

പവന്‍ സിംഗിന്റെ പിആര്‍ ടീം വളരെ ശക്തരായതുകൊണ്ട് കേസ് തനിക്കെതിരെ വളച്ചൊടിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് മറ്റുള്ളവര്‍ തന്നെ ഉപദേശിച്ചതായും അഞ്ജലി അറിയിച്ചു. ഒന്നോ രണ്ടോ ദിവസം കൊണ്ട് പ്രശ്‌നം മാറുമെന്ന് വിചാരിച്ചെങ്കിലും അത് വഷളാവുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

"ഒരു പെണ്‍കുട്ടിയേയും അവളുടെ അനുവാദമില്ലാതെ തൊടുന്നതിനെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കില്ല. അത് തെറ്റാണ്. ഹരിയാനയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ എനിക്ക് പ്രതികരിക്കേണ്ടി വരില്ലായിരുന്നു. അവിടുത്തെ ജനങ്ങള്‍ സ്വയം പ്രതികരിക്കുമായിരുന്നു. പക്ഷെ ഞാന്‍ ലഖ്‌നൗവിലായിരുന്നു. അത് എന്റെ സ്വന്തം സ്ഥലമല്ല", എന്നും അവര്‍ വ്യക്തമാക്കി.

"ഞാന്‍ ഇനി ഭോജ്പുരി ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യില്ല. ഒരു കലാകാരി എന്ന നിലയില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കേണ്ടതുണ്ട്. പക്ഷെ എന്റെ കുടുംബത്തിലും ഹരിയാനയിലെ എന്റെ ജോലിയിലും ഞാന്‍ സന്തുഷ്ടയാണ്", എന്ന് പറഞ്ഞുകൊണ്ട് അഞ്ജലി വീഡിയോ അവസാനിപ്പിച്ചു.

SCROLL FOR NEXT