താരസംഘടനയായ 'അമ്മ'യിലെ തെരഞ്ഞെടുപ്പ് അടുക്കവെ നടന്‍ ബാബുരാജിനും നടി അന്‍സിബയ്ക്കും എതിരെ സാമ്പത്തിക ആരോപണവുമായി നടന്‍ അനൂപ് ചന്ദ്രന്‍. ഇരുവരുടെയും ലക്ഷ്യം അമ്മ സംഘടനയെ കട്ട് മുടിക്കുകയാണെന്നും അനൂപ് പറഞ്ഞു. അന്‍സിബയും ബാബുരാജും മത്സരിക്കുന്നത് അമ്മ അക്കൗണ്ടിലെ ഏഴ് കോടി രൂപ തട്ടിയെടുക്കാനാണെന്നും നടന്‍ ആരോപിച്ചു.
മുന്‍ കമ്മിറ്റിയിലെ കണക്ക് പോലും ബാബുരാജ് അവതരിപ്പിച്ചിട്ടില്ല. മുന്‍ഭാരവാഹികണക്ക് ചോദിച്ചപ്പോള്‍ മുഷ്ടിചുരുട്ടി മേശയില്‍ ഇടിക്കുകയാണ് ചെയ്തതെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. നിലവില്‍ അനൂപ് ചന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്തേക്കാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ അത് പിന്‍വലിക്കാനുള്ള സാധ്യതയും ഉണ്ട്.
ആരോപണ വിധേയനായ ബാബുരാജ് മത്സരിക്കുന്നതിനെതിരെയും അനൂപ് ചന്ദ്രന്‍ സംസാരിച്ചിരുന്നു. ബാബുരാജ് ബലാത്സംഗ കേസിലെ പ്രതിയായതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്.
അന്‍സിബ അടക്കമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് ബാബുരാജിന്റെ സില്‍ബന്ധിയായാണ്. കുക്കു പരമേശ്വരന്‍, ശ്വേത മേനോന്‍, അനന്യ, സരയൂ എന്നീ നടികളെ അപഹസിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു.
അതേസമയം ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. അന്‍സിബ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും. ഓഗസ്റ്റ് 15നാണ് സംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.