അന്‍സിബ ഹസന്‍ Source : News Malayalam 24x7, Facebook
MOVIES

ആരോപണ വിധേയര്‍ മത്സരിച്ചാല്‍ എന്താണ് കുഴപ്പം? 'അമ്മ' തെരഞ്ഞെടുപ്പില്‍ അന്‍സിബ ഹസന്‍

നടി അന്‍സിബ ഹസനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നതും ശ്രദ്ധേയമാണ്.

നടി അന്‍സിബ ഹസനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. സംഘടനയില്‍ ആരോഗ്യകരമായ മത്സരമാണ് നടക്കുന്നതെന്ന് അന്‍സിബ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. അതോടൊപ്പം ആരോപണ വിധേയര്‍ മത്സരിക്കുന്നതിലെന്താണ് കുഴപ്പമെന്നും അവര്‍ ചോദിച്ചു.

"സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാള്‍ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ ഇവിടെ എന്താണ് പ്രശ്‌നം", അന്‍സിബ ചോദിച്ചു. അതോടൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജഗദീഷും മത്സരിക്കുന്നത് പോസിറ്റീവായ കാര്യമാണെന്നും അവര്‍ അഭിപ്രായപ്പട്ടു.

32 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും അധികം ആളുകള്‍ മത്സരിക്കാന്‍ വരുന്നത് ഇതാദ്യമാണ്. താനടക്കമുള്ള അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് ഇവരെയൊക്കെ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നും അന്‍സിബ പറഞ്ഞു.

അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. സൂക്ഷ്മ പരിശോധനക്ക് ശേഷം വൈകിട്ട് 5.30ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. സംഘടനയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

SCROLL FOR NEXT