ആന്‍റണി പെപ്പെ Source: Instagram
MOVIES

''പൈലറ്റടക്കം ക്യാബിന്‍ മുഴുവന്‍ സ്ത്രീകള്‍, അതിഭീകര സാഹചര്യത്തെ അവര്‍ കൈകാര്യം ചെയ്ത രീതി...''; അനുഭവം പങ്കുവെച്ച് പെപ്പെ

വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനിരിക്കെ കാലാവസ്ഥ മോശമാവുകയും പൈലറ്റ് ലാന്‍ഡ് ചെയ്യാതെ വിമാനം തിരികെ ഉയര്‍ത്തുകയും ചെയ്‌തെന്നും പിന്നീടുണ്ടായ അനുഭവവുമാണ് നടന്‍ പങ്കുവെച്ചത്.

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ ആന്റണി പെപ്പെ. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനിരിക്കെ കാലാവസ്ഥ മോശമാവുകയും പൈലറ്റ് ലാന്‍ഡ് ചെയ്യാതെ വിമാനം തിരികെ ഉയര്‍ത്തുകയും ചെയ്‌തെന്നും പിന്നീടുണ്ടായ അനുഭവവുമാണ് നടന്‍ പങ്കുവെച്ചത്. പൈലറ്റും ക്യാബിന്‍ ക്രൂവും സ്ത്രീകള്‍ ആയിരുന്നുവെന്നും അവര്‍ എങ്ങനെയാണ് ആ സാഹചര്യത്തെ കൈകാര്യം ചെയ്തത് എന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐആം ഗെയിം എന്ന ചിത്രത്തിന്റെ ഷൂട്ടിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു നടന്‍. ഇന്‍ഡിഗോ വിമാനത്തിലായിരുന്നുവെന്നും നടന്‍ പോസ്റ്റില്‍ പറയുന്നുണ്ട്. എല്ലാവരും ഭയപ്പെട്ടു പോകുമായിരുന്ന ഒരു സാഹചര്യത്തെ പൈലറ്റും ക്യാബിന്‍ ക്രൂവും എന്ത് മനോഹരമായാണ് കൈകാര്യം ചെയ്തത് എന്നും നടന്‍ പറയുന്നു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐആം ഗെയിം. ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഐആം ഗെയിമിന്.

കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിലെ പെപ്പെയുടെ ലുക്കും വൈറലായിരുന്നു. ചിത്രത്തിനായി വെയിറ്റ് ലോസ് അടക്കം ഗംഭീര ട്രാന്‍സ്ഫര്‍മേഷനാണ് നടന്‍ ചെയ്തിട്ടുള്ളത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ സംഭവിച്ചതോര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം തോന്നും. ഐആം ഗെയിം ഷൂട്ട് കഴിഞ്ഞ് ഹൈദരാബാദില്‍ നിന്ന് കൊച്ചിയിലേക്ക് 6E 6707 എന്ന ഫ്‌ളൈറ്റില്‍ വരികയായിരുന്നു. കൊച്ചിയിലെത്തിയപ്പോഴേക്കും കാലാവസ്ഥ വല്ലാതെ മാറിയിരുന്നു. റണ്‍വേയില്‍ തൊടാന്‍ കുറച്ച് അടി മാത്രം ബാക്കി നില്‍ക്കേ ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം ഒഴിവാക്കി. രണ്ടാമത്തെ ശ്രമം കുറച്ചുകൂടി കഠിനമായിരുന്നു. തൊട്ടു തൊട്ടില്ല എന്നിരിക്കെ പൈലറ്റ് അടുത്ത തീരുമാനം എന്ന നിലയ്ക്ക് ലാന്‍ഡ് ചെയ്യിക്കുന്നില്ല എന്ന് തീരുമാനിക്കുകയും മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. റണ്‍വേയില്‍ ഒന്ന് തൊടുക പോലും ചെയ്യാതെ അവര്‍ വിമാനം ആകാശത്തേക്ക് ഉയര്‍ത്തി. രോമാഞ്ചം വന്നു പോയി.

അവിശ്വസനീയമാം വിധം ശാന്തതയോടെയും വ്യക്തതയോടെയും അവര്‍ വിമാനം കോയമ്പത്തൂരേക്ക് ഇന്ധനം നിറയ്ക്കുന്നതിനായി പറന്നു. കാബിനിലെ ആളുകള്‍ പേടിക്കുന്നതും അവരുടെ വിറയ്ക്കുന്നതും നമുക്കും അനുഭവിക്കാന്‍ സാധിക്കും. പക്ഷെ ആ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ക്രൂ, അവരെല്ലാം സ്ത്രീകളായിരുന്നു, പൈലറ്റ് ഉള്‍പ്പെടെ, ആ സാഹചര്യത്തെ ഗംഭീരമായി കൈകാര്യം ചെയ്തു.

ഇന്ധനം നിറച്ച ശേഷം കോയമ്പത്തൂരില്‍ നിന്നും എടുത്ത വിമാനം കൊച്ചിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടതും കാബിന്‍ മുഴുവന്‍ കൈയ്യടിയായിരുന്നു.

കോക്പിറ്റിലും കാബിനിലുമിരുന്ന പ്രതിഭകളായ സ്ത്രീകള്‍, നിങ്ങളുടെ ചടുലമായ തീരുമാനങ്ങള്‍, കൃത്യത, പ്രൊഫഷണലിസം എല്ലാം ഭീകരമായി മാറുമായിരുന്ന ഒരു സാഹചര്യത്തെ ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷമാക്കി മാറ്റി. ഏത് സമ്മര്‍ദ്ദമുള്ള സാഹചര്യത്തിലും യഥാര്‍ഥ അനുഗ്രഹം എന്താണെന്ന് ഞങ്ങളെ കാണിച്ചു തന്നതില്‍ നന്ദി.

SCROLL FOR NEXT