അനുപമ പരമേശ്വരന്‍ Source : Facebook
MOVIES

"എല്ലാ പുരുഷന്മാരും എന്നാണോ പറഞ്ഞത്? റീച്ചിന് വേണ്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല"; പര്‍ദയെ വിമര്‍ശിച്ചതില്‍ അനുപമ പരമേശ്വരന്‍

സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായി തെലുങ്കിലും മലയാളത്തിലും ഓഗസ്റ്റ് 22നാണ് ചിത്രം തിയേറ്ററിലെത്തിയത്.

Author : ന്യൂസ് ഡെസ്ക്

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് പര്‍ദ. സ്ത്രീ കേന്ദ്രീകൃത സിനിമയായ പര്‍ദയുടെ റിലീസിന് പിന്നാലെ എക്‌സില്‍ പങ്കുവെച്ച ഒരു റിവ്യു ശ്രദ്ധേയമായിരുന്നു. സ്ത്രീകള്‍ നേരിടുന്ന എല്ലാ പ്രശ്‌നത്തിനും കാരണം പുരുഷന്മാരാണെന്ന സന്ദേശമാണ് സിനിമ നല്‍കുന്നതെന്നായിരുന്നു റിവ്യു. അതിനെതിരെ നടി അനുപമ പരമേശ്വരന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

എക്‌സ് പോസ്റ്റിന് ശക്തമായ മറുപടിയാണ് അനുപമ നല്‍കിയത്. "എല്ലാ പുരുഷന്മാരുമോ? ശരിക്കും എല്ലാ പുരുഷന്മാരും എന്നാണോ? പേജിന്റെ റീച്ച് കൂട്ടുന്നതിനായി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശരിയല്ല", എന്നാണ് അനുപമ കുറിച്ചത്.

സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായി തെലുങ്കിലും മലയാളത്തിലും ഓഗസ്റ്റ് 22നാണ് ചിത്രം തിയേറ്ററിലെത്തിയത്. പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ചിത്രം പ്രവീണ്‍ കാണ്ട്രെഗുലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുഖം 'പര്‍ദ'കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബ്ബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

വിജയ് ഡോണ്‍കട, ശ്രീനിവാസലു പി വി, ശ്രീധര്‍ മക്കുവ എന്നിവര്‍ ആനന്ദ മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മൃദുല്‍ സുജിത് സെന്‍ ഛായാഗ്രഹണവും, ധര്‍മ്മേന്ദ്ര കാക്കറാല എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തില്‍ രാഗ് മയൂര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് മാര്‍ക്കറ്റിംഗും പി.ആറും വംശി ശേഖറും, മലയാളത്തിലെ മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും സ്റ്റോറീസ് സോഷ്യലിന്റെ ഡോ. സംഗീത ജനചന്ദ്രനും കൈകാര്യം ചെയ്യുന്നു.

SCROLL FOR NEXT