ഷാരുഖ് ഖാനെപ്പറ്റി അനുരാഗ് കശ്യപ് 
MOVIES

"ഹോക്കി ക്യാപ്റ്റന്‍, എക്കണോമിക്സില്‍ ടോപ്പർ..."; കോളേജിലും ഷാരുഖ് 'സൂപ്പർ സ്റ്റാർ' ആയിരുന്നെന്ന് അനുരാഗ് കശ്യപ്

എസ്‌ആർകെയുടെ ആദ്യ ചിത്രം 'ദീവാന' കാണാന്‍ കൂട്ടുകാർക്കൊപ്പം പോയ അനുഭവം സംവിധായകന്‍ പങ്കുവച്ചു

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ ഷാരുഖ് ഖാന്‍ ഹന്‍സ്‍രാജ് കോളേജിലെയും 'സൂപ്പർ സ്റ്റാർ' ആയിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എങ്കില്‍ സത്യമതാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഹന്‍സ്‍രാജ് കോളേജില്‍ ഷാരുഖിന്റെ ജൂനിയർ ആയിരുന്ന സംവിധായകന്‍ അനുരാഗ് കശ്യപാണ് താരത്തിന്റെ ബഹുമുഖ പ്രതിഭയെപ്പറ്റി വെളിപ്പെടുത്തിയത്.

ഷാരൂഖ് ഖാന്‍ ഹന്‍സ്‌രാജിലെ സഹപാഠികളുടെ സംസാര വിഷയമായിരുന്നുവെന്ന് അനുരാഗ് കശ്യപിന്റെ വാക്കുകളില്‍ നിന്ന് വ്യക്തം. ബുക്ക് മൈ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്‌ആർകെയുടെ ആദ്യ ചിത്രം 'ദീവാന' കാണാന്‍ കൂട്ടുകാർക്കൊപ്പം പോയ അനുഭവം സംവിധായകന്‍ പങ്കുവച്ചു.

"ഷാരുഖ് ഞങ്ങളുടെ കോളേജ് സീനിയറായിരുന്നതു കൊണ്ട് മുഴുവന്‍ കോളേജും സിനിമ കാണാന്‍ പോയി. ഡല്‍ഹിയിലെ അംബാ തിയേറ്റർ മുഴുവന്‍ ഞങ്ങളായിരുന്നു. പാട്ടില്‍ ഷാരുഖിന്റെ എന്‍ട്രി വന്നപ്പോള്‍ ഞങ്ങള്‍ എല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു, വിസിലടിച്ചു. അവിടെയിരുന്ന ആരും ആ പാട്ട് കേട്ടു കാണില്ല," അനുരാഗ് പറഞ്ഞു.

സിനിമയില്‍ താരം ആകും മുന്‍പ് തന്നെ ഷാരുഖ് ക്യാംപസില്‍ സ്റ്റാറായിരുന്നു. ഹോക്കി ടീം ക്യാപ്റ്റന്‍, ക്യാംപസിലെ മികച്ച സ്പോർട്സ് മാന്‍, ബാസ്ക്കറ്റ് ബോള്‍ താരം, എക്കണോമിക്സ് ടോപ്പർ എന്നിങ്ങനെ താരത്തെപ്പറ്റി അനുരാഗ് വാചാലനായി.

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'നിഷാഞ്ചി' ഈ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് തന്റെ കോളേജ് സീനിയറായിരുന്ന ഷാരുഖ് ഖാനയെപ്പറ്റി സംവിധായകന്‍ സംസാരിച്ചത്.

SCROLL FOR NEXT