അനുരാഗ് കശ്യപ്  Source : X
MOVIES

"സ്‌നേഹവും കാമവും, വഞ്ചനയും നിറഞ്ഞ കഥ"; നിഷാഞ്ചിയുടെ റിലീസ് പ്രഖ്യാപിച്ച് അനുരാഗ് കശ്യപ്

ബിഗ് സ്‌ക്രീനിനായി ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത് രണ്ട് സഹോദരന്മാരുടെ കഥയാണ്. തികച്ചും വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിക്കുന്ന അവരുടെ സങ്കീര്‍ണമായ ജീവിത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു രസകരമായ സിനിമാറ്റിക് അനുഭവമാണ് 'നിഷാഞ്ചി' നല്‍കുന്നത്.

Author : ന്യൂസ് ഡെസ്ക്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ആമസോണ്‍ എംജിഎം സ്റ്റുഡിയോസ്. 'നിഷാഞ്ചി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമയാണ്. ആയിശ്വരി താക്കറെ ആദ്യമായി അഭിനയ രംഗത്തേക്ക് അരങ്ങേറുന്ന ചിത്രം കൂടിയാണിത്.

ജാര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജയ് റായ്, രഞ്ജന്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലിപ്പ് ഫിലിംസുമായി ചേര്‍ന്നാണ് 'നിഷാഞ്ചി' നിര്‍മിക്കുന്നത്. വേദിക പിന്റോ, മോണിക്ക പന്‍വര്‍, മുഹമ്മദ് സീഷന്‍ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

ബിഗ് സ്‌ക്രീനിനായി ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത് രണ്ട് സഹോദരന്മാരുടെ കഥയാണ്. തികച്ചും വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിക്കുന്ന അവരുടെ സങ്കീര്‍ണമായ ജീവിത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു രസകരമായ സിനിമാറ്റിക് അനുഭവമാണ് 'നിഷാഞ്ചി' നല്‍കുന്നത്. സെപ്റ്റംബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്.

"ആമസോണ്‍ എംജിഎം സ്റ്റുഡിയോയിലൂടെ ഊര്‍ജ്ജസ്വലവും വൈകാരികവുമായ കഥ പറച്ചില്‍ നടത്തുന്ന മാസ്‌ട്രോ അനുരാഗ് കശ്യപുമായി സഹകരിക്കുന്നത് ശരിക്കും ഞങ്ങള്‍ക്ക് അവിശ്വസിനീയമായിരുന്നു"; എന്നാണ് ആമസോണ്‍ എംജിഎം സ്റ്റുഡിയോസിന്റെയും ഇന്ത്യയിലെ പ്രൈം വീഡിയോയുടെയും മേധാവിയായ നിഖില്‍ മധോക്ക് പറഞ്ഞത്.

തിയേറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നതിനോടുള്ള പ്രതിബദ്ധതയെ കുറിച്ച് മധോക് അടിവരയിട്ട് സംസാരിച്ചു. "അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ തിയേറ്ററില്‍ വരാനിരിക്കുന്ന ആകര്‍ഷകമായ സിനിമകളുടെ തുടക്കമാണ് നിഷാഞ്ചി. സസ്‌പെന്‍സ്, പ്രണയം, സംഘര്‍ഷം, ലെയേഡായ കഥാപാത്രങ്ങള്‍ എന്നിവയുടെ സങ്കീര്‍ണമായ കഥയാണ് ചിത്രം", എന്നും മധോക് പറഞ്ഞു.

അതേസമയം 2016ലാണ് 'നിഷാഞ്ചി'യുടെ തിരക്കഥ എഴുതിയതെന്ന് കശ്യപ് പറഞ്ഞു. "അന്നുമുതല്‍ ഈ സിനിമ അതിന്റെ പൂര്‍ണതയില്‍ നിര്‍മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയായിരുന്നു. അത് ചെയ്യാന്‍ എന്നെ പൂര്‍ണമായി വിശ്വസിക്കുന്ന ഒരു സ്റ്റുഡിയോയെ ഞാന്‍ അന്വേഷിക്കുകയായിരുന്നു. ആമസോണ്‍ എംജിഎമ്മിന് കഥ ഇഷ്ടപ്പെട്ടു. അതില്‍ വിശ്വാസം അര്‍പ്പിച്ചു", അനുരാഗ് പറഞ്ഞു.

"മനുഷ്യ വികാരങ്ങള്‍, സ്‌നേഹം, കാമം, ശക്തി, കുറ്റകൃത്യം, ശിക്ഷ, വഞ്ചന, മോചനം, അതിന്റെയെല്ലാം അനന്തരഫലങ്ങള്‍ എന്നിവ നിറഞ്ഞ ഒരു കഥ" എന്നാണ് സിനിമയെ അനുരാഗ് വിശേഷിപ്പിച്ചത്. "ഒരു കൂട്ടം നല്ല ആളുകളെയും മികച്ച അഭിനേതാക്കളെയും എന്റെ ഏറ്റവും മനോഹരമായ സംഘത്തെയും ഒരുമിപ്പിച്ച് ഏറ്റവും മികച്ച രീതിയില്‍ ഈ കഥ പറയാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ പ്രശംസിച്ചു.

SCROLL FOR NEXT