MOVIES

'ഞാന്‍ ഈ മനുഷ്യനെ സ്നേഹിക്കുന്നു'; ലോകകപ്പ് വിജയത്തില്‍ കോഹ്ലിയെയും ഇന്ത്യന്‍ ടീമിനെയും അഭിനന്ദിച്ച് അനുഷ്ക

ഈ ലോകകപ്പിലൂടനീളം മോശം ഫോമിന്‍റെ പേരില്‍ കോഹ്ലി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ടി-20 ലോകകപ്പ് വിജയത്തില്‍ ആഹ്ലാദം പങ്കുവെച്ച് ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ. ഇന്ത്യന്‍ ടീമംഗവും ഫൈനലിലെ താരവുമായ ഭര്‍ത്താവ് വിരാട് കോഹ്ലിയുടെ പ്രകടനത്തിലും ടീമിന്‍റെ വിജയത്തിലുമുള്ള സന്തോഷം അനുഷ്ക സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കോഹ്ലിയുടെ പ്രകടനം കാണാന്‍ സാധാരണയായി ഗ്യാലറിയിലെത്താറുള്ള അനുഷ്ക ഫൈനല്‍ മത്സരം മകള്‍ വാമികക്കൊപ്പം വീട്ടിലിരുന്നാണ് കണ്ടത്. വിജയം നേടിയ ശേഷം വീഡിയോ കോളിലൂടെ അനുഷ്കയുമായി സന്തോഷം പങ്കുവെക്കുന്ന കോഹ്ലിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

" ഞാന്‍ ഈ മനുഷ്യനെ സ്നേഹിക്കുന്നു. നിന്നിലാണ് എന്‍റെ ആശ്വാസം എന്നറിയുന്നതില്‍ പരം മറ്റെന്ത് സന്തോഷം. ഈ വിജയം ആഘോഷിക്കാന്‍ എനിക്ക് വേണ്ടി ഒരു ഗ്ലാസ് വെള്ളം കുടിക്കൂ "- ഇന്ത്യന്‍ പതാക പുതച്ച് ലോകകപ്പ് ട്രോഫിയുമായി നില്‍ക്കുന്ന വിരാട് കോഹ്‍ലിയുടെ ചിത്രത്തിനൊപ്പം അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"ടിവിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കരയുന്നത് കണ്ടപ്പോള്‍ അവരെയെല്ലാവരേയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലുമുണ്ടാകുമോയെന്നാണ് ഞങ്ങളുടെ മകളുടെ ആശങ്ക. മൈ ലവ്, ഞങ്ങള്‍ ഒപ്പമുണ്ട്, 1.5 ബില്ല്യണ്‍ ആളുകള്‍. അവരെല്ലാം ഇന്ത്യന്‍ താരങ്ങളെ അവരിലേക്ക് അണയ്ക്കുകയാണ്. എന്തൊരു ആശ്ചര്യകരമായ വിജയം, എന്തൊരു മഹത്തായ നേട്ടം!! ചാമ്പ്യന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍!!'- അനുഷ്‌ക മറ്റൊരു പോസ്റ്റില്‍ കുറിച്ചു.

ഈ ലോകകപ്പിലൂടനീളം മോശം ഫോമിന്‍റെ പേരില്‍ കോഹ്ലി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എങ്കിലും ഫൈനലിനായി അദ്ദേഹം റണ്‍സ് ചേര്‍ത്തുവെക്കുകയാണ് എന്നായിരുന്നു നായകന്‍ രോഹിത്തിന്‍റെ പ്രതികരണം. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ 59 പന്തില്‍ നിന്ന് കോഹ്ലി നേടിയ 76 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ലോകകപ്പ് വിജയത്തിന് ശേഷം ടി-20 കരിയറില്‍ നിന്ന് വിരമിക്കുന്നുവെന്നും വിരാട് കോഹ്ലി പ്രഖ്യാപിച്ചു.

SCROLL FOR NEXT