അനുഷ്ക ഷെട്ടി Source : Facebook
MOVIES

"അടുത്ത വര്‍ഷം മുതല്‍ നിങ്ങളെന്നെ സ്‌ക്രീനില്‍ കൂടുതലായി കാണും"; സിനിമകള്‍ക്കിടയിലുള്ള ഇടവേളകളെ കുറിച്ച് അനുഷ്‌ക ഷെട്ടി

കൃഷ് ജഗര്‍ലമുഡി സംവിധാനം ചെയ്യുന്ന ഘാട്ടിയാണ് റിലീസ് ചെയ്യാനിരിക്കുന്ന അനുഷ്കയുടെ ചിത്രം.

Author : ന്യൂസ് ഡെസ്ക്

അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രമായ 'ഘാട്ടി' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബാഹുബലിയില്‍ തന്റെ സഹതാരമായിരുന്ന റാണ ദഗ്ഗുബാട്ടിയുമായുള്ള അഭിമുഖത്തില്‍ അനുഷ്‌ക സിനിമയെ കുറിച്ച് സംസാരിച്ചു. സംവിധായകന്‍ കൃഷുമായുള്ള ബന്ധവും അനുഷ്‌ക പ്രൊജക്ടുകള്‍ക്കിടയില്‍ എടുക്കുന്ന ഇടവേളകളെ കുറിച്ചും അവര്‍ സംസാരിച്ചു.

സംഭാഷണത്തിനിടയില്‍ റാണ അടുത്ത ചിത്രത്തിന് ഇനിയും രണ്ടോ മൂന്നോ വര്‍ഷം എടുക്കുമോ എന്ന് തമാശരൂപേണ ചോദിച്ചു. "ഇല്ല, എനിക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യണം. നല്ല തിരക്കഥകള്‍ തിരഞ്ഞെടുക്കാനും ഇടയ്ക്കിടെ അഭിനയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ നിങ്ങള്‍ എന്നെ കൂടുതലായി കാണും. എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. അതിനായി ഞാന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ട്", അനുഷ്‌ക പറഞ്ഞു.

തന്റെ സിനിമകളില്‍ വരുന്ന ആവര്‍ത്തിച്ചുള്ള വയലന്‍സിനെ കുറിച്ചും അനുഷ്‌ക സംസാരിച്ചു. "എന്റെ അരുദ്ധതി, ബാഹുബലി, ഇപ്പോള്‍ ഘാട്ടി എന്നീ ചിത്രങ്ങളിലെ വയലന്‍സിന്റെ അളവ് വളരെ വലുതാണ്. ഹിറ്റ് മാന്‍ എന്നത് പോലെ എനിക്ക് ഹിറ്റ് വുമണ്‍ ആകാന്‍ സാധിക്കുമോ എന്ന് ഞാന്‍ കൃഷിനോട് പറയുകയായിരുന്നു", അനുഷ്‌ക വ്യക്തമാക്കി.

അതിന് ഇത്തരം കഥകള്‍ക്ക് അനുഷ്‌കയെ അല്ലാതെ മറ്റാരെയാണ് അവര്‍ തിരഞ്ഞെടുക്കുക എന്നാണ് റാണ മറുപടി പറഞ്ഞത്.

കൃഷ് ജഗര്‍ലമുഡിയുമായുള്ള സഹകരണത്തെ കുറിച്ചും അനുഷ്‌ക സംസാരിച്ചു. "അദ്ദേഹത്തിന് മാത്രമെ എനിക്ക് ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നല്‍കാന്‍ കഴിയൂ. സരോജയെ അത്ര നിഷ്‌കളങ്കതയോടെയാണ് കൈകാര്യം ചെയ്തത്. അത് ഇപ്പോഴും എന്റെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. ഘാട്ടിയിലെ കഥാപാത്രവും വളരെ വ്യത്യസ്തമായാണ് എഴുതിയിരിക്കുന്നത്", അനുഷ്‌ക പറഞ്ഞു.

കൃഷ് ജഗര്‍ലമുഡി സംവിധാനം ചെയ്യുന്ന ഘാട്ടിയില്‍ അനുഷ്‌കയ്‌ക്കൊപ്പം വിക്രം പ്രഭുവും അഭിനയിക്കുന്നുണ്ട്. യുവി ക്രിയേഷന്‍സ് ബാനറില്‍ രാജീവ് റെഡ്ഡിയും സായ് ബാബു ജഗര്‍ലമുഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

SCROLL FOR NEXT