MOVIES

സിനിമ എന്റെ അന്നം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതില്‍ സന്തോഷം : അപര്‍ണ ബാലമുരളി

സിനിമയില്‍ സുരക്ഷിതമായി, സന്തോഷത്തോടെ എല്ലാവര്‍ക്കും ജോലി ചെയ്യാനാകണം

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമ മേഖലയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതില്‍ സന്തോഷമുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ഒരുപാട് പേര്‍ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നു. അവര്‍ക്കെല്ലാം നീതി ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അപര്‍ണ പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'സിനിമയില്‍ വന്ന് ഇതുവരെയും എനിക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ മോശം അനുഭവങ്ങളുണ്ടായിട്ടില്ല. അതിനര്‍ഥം, ആര്‍ക്കും ഇതൊന്നും സംഭവിച്ചിട്ടില്ല എന്നല്ല. ഒട്ടേറെ ഇരകളാണ് അതിക്രമങ്ങളെക്കുറിച്ചു സംസാരിക്കാന്‍ മുന്നോട്ടുവരുന്നത്. അവര്‍ക്കു നീതി ലഭിക്കണമെന്നു തന്നെയാണ് ആഗ്രഹം. മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലാണ് ഹേമ കമ്മിറ്റി പോലൊന്ന് വന്നത് എന്നതില്‍ സന്തോഷമുണ്ട്. എന്റെ അന്നമാണ് സിനിമ. അവിടെ സുരക്ഷിതമായി, സന്തോഷത്തോടെ എല്ലാവര്‍ക്കും ജോലി ചെയ്യാനാകണം. ഭാവിയില്‍ അതു പൂര്‍ണ അര്‍ഥത്തില്‍ സാധ്യമാകുമെന്നു തന്നെയാണു വിശ്വാസം', അപര്‍ണ പറഞ്ഞു.

അതേസമയം കിഷ്‌കിന്ധാ കാണ്ഡമാണ് റിലീസ് ചെയ്യാനിരിക്കുന്ന അപര്‍ണ ബാലമുരളിയുടെ ചിത്രം. ചിത്രം സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിലെത്തും. ആസിഫ് അലിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഗുഡ്വില്‍ എന്റെര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.





SCROLL FOR NEXT