ടൊവിനോ തോമസിൻ്റെ കരിയറിലെ ആദ്യത്തെ സോളോ 100 കോടി കളക്ഷൻ ചിത്രമായി ചരിത്രമെഴുതി 'എആർഎം'. ഓണം റിലീസായെത്തിയ സിനിമ ആഗോളതലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് അറിയിച്ചത്. ആക്ഷൻ ഫാൻ്റസി ത്രില്ലർ വിഭാഗങ്ങളിൽ ഉൾപ്പെടുത്താവുന്ന ചിത്രം ഓണച്ചിത്രങ്ങളിൽ ഒന്നാമതെത്തിയിരുന്നു.
ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതനായ സുജിത് നമ്പ്യാരാണ്. ചിത്രം റിലീസായി 18ാം ദിവസമാണ് 100 കോടി കളക്ഷനെന്ന നേട്ടം കൈവരിച്ചിരിക്കുന്നത്. ആഗോള ബോക്സോഫീസില്‍ നിന്നും ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 30 കോടി ബജറ്റിലെത്തിയ ചിത്രം എന്നത്കൂടി പരിഗണിക്കുമ്പോള്‍ നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ചിത്രമായി മാറിയിരിക്കുകയാണ് എആര്‍എം.
ALSO READ: ഹോളിവുഡിലെ വമ്പൻമാരെ പിന്തള്ളി തെന്നിന്ത്യൻ ചിത്രം; സിനിമാപ്രേമികളെ ഞെട്ടിച്ച് കളക്ഷൻ റിപ്പോർട്ട്
ഇതോടെ 2024ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി ചിത്രമായി എആർഎം മാറിയിരിക്കുകയാണ്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വർഷം 100 കോടി ക്ലബിലെത്തിയ മലയാള ചിത്രങ്ങൾ. കഴിഞ്ഞ വർഷം ടൊവിനോ മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തിയ '2018' എന്ന ചിത്രം 176 കോടിയോളം കളക്ഷൻ സ്വന്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന സൈമ അവാർഡ് നിശയിൽ മികച്ച മലയാള നടനുള്ള പുരസ്കാരം ടൊവിനോ സ്വന്തമാക്കിയിരുന്നു. 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്.