MOVIES

ARM വ്യാജ പതിപ്പ്: പ്രതികളെ തിരിച്ചറിഞ്ഞു; ഉടൻ പിടികൂടാൻ സാധിക്കുമെന്ന് സൈബർ ക്രൈം പൊലീസ്

സെപ്റ്റംബർ 12 നാണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. അടുത്ത ദിവസം തന്നെ സിനിമയുടെ വ്യാജ പതിപ്പ് ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിച്ചു.

Author : ന്യൂസ് ഡെസ്ക്

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ കോപ്പി ഇറങ്ങിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് കാക്കനാട് സൈബർ ക്രൈം പൊലീസ് അറിയിച്ചു.


അജയന്റെ രണ്ടാം മോഷണം എന്ന് ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ അപ്പ്‌ലോഡ് ചെയ്തവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. സിനിമയുടെ തീയേറ്ററിൽ നിന്നുള്ള വ്യാജ പ്രിന്റുകൾ ആണ് ടെലിഗ്രാമിൽ പ്രചരിച്ചത്. ഇത് ഷൂട്ട്‌ ചെയ്തതും അപ്‍ലോഡ് ചെയ്തതും കേരളത്തിന് പുറത്തു നിന്നുമാണെന്നാണ് പൊലീസ് കണ്ടെത്തിയത്. സിനിമയുടെ വ്യാജ പ്രിന്റ്റിൽ ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ ഉണ്ടായിരുന്നു. ഇതിൽ നിന്നുമാണ് സിനിമ ഷൂട്ട്‌ ചെയ്തത് കേരളത്തിന് പുറത്തു നിന്നുള്ള തീയേറ്ററിൽ നിന്നുമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഇത് കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.


ഗൂഢലക്ഷ്യത്തോടെയാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ തീയേറ്റർ പതിപ്പ് പുറത്തു വിട്ടത് എന്നായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകരുടെ ആരോപണം. സെപ്റ്റംബർ 12 നാണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. അടുത്ത ദിവസം തന്നെ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിച്ചു. ചിത്രത്തിന്റെ വ്യാജ പതിപ്പ് ഒരാൾ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകൻ ജിതിൻ ലാൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ രം​ഗത്ത് വന്നിരുന്നു. ഓണക്കാലത്ത് റിലീസിനെത്തിയ മലയാള സിനിമകളിൽ അജയന്റെ രണ്ടാം മോഷണം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 100 കോടി ക്ലബിലും ഇടം നേടിയിരുന്നു.

SCROLL FOR NEXT