കൽക്കി സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അർഷാദ് വാർസി. പ്രഭാസിനെ ജോക്കർ എന്നു വിളിച്ചെന്ന വാർത്തകളോടാണ് താരം പ്രതികരിച്ചത്. ജോക്കർ എന്ന് വിളിച്ചത് പ്രഭാസിനെ അല്ലെന്നും അല്ലെന്നും കൽക്കിയിലെ കഥാപാത്രത്തെയാണെന്നും അർഷാദ് പറയുന്നു.
കൽക്കി സിനിമ തനിക്ക് ഇഷ്ടപ്പെട്ടില്ല. അതിൽ പ്രഭാസ് ഒരു കോമാളിയെപ്പോലെ ആയിരുന്നു എന്ന തരത്തിലുള്ള അർഷാദിൻ്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സാംദിഷ് ഭാട്ടിയക്ക് നൽകിയ പോഡ്‌കാസ്റ്റിൽ ആയിരുന്നു അർഷാദ് വാർസി പ്രഭാസിനെതിരായ പരാമർശം നടത്തിയത്.
കൽക്കി കണ്ടപ്പോൾ പ്രഭാസിന്റെ കാര്യത്തിൽ സങ്കടമാണ് തോന്നുന്നത്. ഒരു കോമാളിയെപ്പോലെയായിരുന്നു പ്രഭാസ്. എന്തിനായിരുന്നു അങ്ങനെ ചെയ്തത്? എനിക്ക് ഒരു ‘മാഡ് മാക്സ്’ ആയിരുന്നു കാണേണ്ടിയിരുന്നത്. ഒരു മെൽ ഗിബ്‌സണെ ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അവരെന്താണ് ചെയ്തുവെച്ചിരിക്കുന്നത്? എന്തിനായിരുന്നു അങ്ങനെ സിനിമ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല’, എന്നായിരുന്നു താരത്തിൻ്റെ വാക്കുകൾ.
Also Read; പൊലീസായി വീണ്ടും ആസിഫ് അലി; ജോഫിൻ ടി ചാക്കോ ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
എന്നാൽ സംഭവം വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരെത്തി. കൽക്കിയുടെ സംവിധായകൻ നാഗ് അശ്വിനും അർഷാദ് വാർസിക്കെതിരെ രംഗത്തെത്തുകയുണ്ടായി. അർഷാദ് സാബ് തന്റെ വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും പക്ഷെ സാരമില്ല, അദ്ദേഹത്തിന്റെ കുട്ടികൾക്ക് ബുജ്ജി കളിപ്പാട്ടങ്ങൾ അയച്ചു നൽകുമെന്നും നാഗ് അശ്വിൻ പ്രതികരിച്ചിരുന്നു.
കാര്യങ്ങൾ കൈവിട്ടെന്ന സാഹചര്യം വന്നതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. പ്രഭാസ് ഒരു മികച്ച നടനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.അത് പലയാവർത്തി തെളിയിച്ചതുമാണ്. എന്നാൽ ഒരു നല്ല നടന് മോശം കഥാപാത്രം നൽകുമ്പോൾ, അത് പ്രേക്ഷകർക്ക് നിരാശ മാത്രമാണ് നൽകുകയെന്നും താരം പറഞ്ഞു.