MOVIES

റിക് ആന്‍ഡ് മോര്‍ട്ടി, മനു അങ്കിള്‍, ഡോ.സ്‌ട്രേഞ്ച് എന്നീ സിനിമകളുടെ കൂടിച്ചേരല്‍: മണിയന്‍ ചിറ്റപ്പനെ കുറിച്ച് അരുണ്‍ ചന്തു

ഗഗനചാരിക്ക് മുന്‍പ് മണിയന്‍ ചിറ്റപ്പനാണ് അരുണ്‍ ചന്തുവും തിരക്കഥാകൃത്ത് ശിവ സായിയും ചേര്‍ന്ന് എഴുതിയത്

Author : ന്യൂസ് ഡെസ്ക്

ഗഗനചാരിക്ക് ശേഷം അരുണ്‍ ചന്തുവിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് മണിയന്‍ ചിറ്റപ്പന്‍. സുരേഷ് ഗോപിയാണ് മണിയന്‍ ചിറ്റപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മണിയന്‍ ചിറ്റപ്പന്‍ എന്ന കഥാപാത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് അരുണ്‍ ചന്തു. ഫിലിം കമ്പാനിയന് സൗത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അരുണിന്റെ പ്രതികരണം.

മണിയന്‍ ചിറ്റപ്പന്‍ റിക് ആന്‍ഡ് മോര്‍ട്ടി, മനു അങ്കിള്‍, ഡോ. സ്‌ട്രേഞ്ച് എന്നീ സിനിമകളുടെ കൂടിച്ചേരല്‍ ആയിരിക്കുമെന്നാണ് അരുണ്‍ പറഞ്ഞത്. ചിത്രത്തില്‍ കോമഡി, അഡ്വഞ്ചര്‍, സൈ ഫൈ തുടങ്ങിയ എലമെന്റ്‌സ് ഉണ്ടാകുമെന്നും അരുണ്‍ വ്യക്തമാക്കി. ഒരു ഭ്രാന്തനായ ശാസ്ത്രഞ്ജന്റെ അഡ്വന്‍ജറിനെ കുറിച്ചാണ് മണിയന്‍ ചിറ്റപ്പന്‍ എന്ന ചിത്രം പറയുന്നത്. സുരേഷ് ഗോപി തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹം. അത് അദ്ദേഹം സമ്മതിക്കുകയും ചെയ്‌തെന്നും അരുണ്‍ പറഞ്ഞു.

ഗഗനചാരിക്ക് മുന്‍പ് മണിയന്‍ ചിറ്റപ്പനാണ് അരുണ്‍ ചന്തുവും തിരക്കഥാകൃത്ത് ശിവ സായിയും ചേര്‍ന്ന് എഴുതിയത്. എന്നാല്‍ ബജറ്റിന്റെ പ്രശ്‌നം മൂലം ആദ്യം ഗഗനചാരി റിലീസ് ചെയ്യുകയായിരുന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജൂണ്‍ 21നാണ് ഗഗനചാരി തിയേറ്ററിലെത്തിയത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് 'ഗഗനചാരി'. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

SCROLL FOR NEXT