കൊച്ചി: 'തുടരും' എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം തരുൺ മൂർത്തി-മോഹൻലാൽ കോംബോയിൽ വീണ്ടും ഒരു ചിത്രം വരുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന സിനിമ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ അനൗൺസ്മെന്റിന് പിന്നാലെ, നേരത്തെ ഓസ്റ്റിൻ ഡാന്‍ തോമസിന്റെ സംവിധാനത്തിൽ ആഷിഖ് ഉസ്മാൻ പ്രഖ്യാപിച്ച മോഹൻലാൽ സിനിമയാണിതെന്നും സംവിധായകനെ മാറ്റിയെന്നും വാർത്തകർ പ്രചരിച്ചു.
എന്നാൽ, ഓസ്റ്റിനെ സംവിധാനത്തിൽ പ്രഖ്യാപിച്ച സിനിമയല്ല മോഹൻലാൽ-തരുൺ മൂർത്തി ചിത്രമെന്ന് ആഷിഖ് ഉസ്മാൻ വ്യക്തമാക്കി. ഓസ്റ്റിൻ ചിത്രത്തിന്റെ തിരക്കഥ അവസാനഘട്ടത്തിൽ വർക്ക് ആകാതിരുന്നതിനെ തുടർന്ന് രതീഷ് രവി മറ്റൊരു കഥ പറയുകയും അത് പ്രൊജക്ട് ആക്കുകയുമായിരുന്നു എന്നാണ് ആഷിഖ് പറയുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ നേരത്തെ പ്രഖ്യാപിച്ച 'ടോർപിഡോ'യുടെ ഷൂട്ടിംഗ് ഈ ചിത്രത്തിന് ശേഷം ആരംഭിക്കുമെന്നും ആഷിഖ് ഉസ്മാൻ കൂട്ടിച്ചേർക്കുന്നു. എന്നാൽ, ഓസ്റ്റിൻ ചിത്രം ഇനി ഉണ്ടാകുമോ എന്നതിൽ വിശദീകരണം ഏതുമില്ല.
ജൂലൈയിലാണ്, ഓസ്റ്റിന്‍ ഡാന്‍ തോമസിന് ഒപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ 365ാമത് ചിത്രമായിട്ടായിരുന്നു പ്രഖ്യാപനം. താല്‍ക്കാലികമായി 'എല്‍ 365' എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും രതീഷ് രവി ആയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണത്തിനായി നിശ്ചയിച്ചിരുന്നത് ഷാജി കുമാറിനെ ആണ്.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അഞ്ചാം പാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ഓസ്റ്റിന്‍. കൂടാതെ വിജയ് സൂപ്പറും പൗര്‍ണമിയും, തല്ലുമാല എന്നിങ്ങനെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം 'ദൃശ്യം 3'ന് ശേഷമാകും തരുൺ മൂർത്തി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രതീഷ് രവിയാണ്. സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ പുറത്തുവിട്ടിട്ടില്ല.