MOVIES

വീണ്ടും ബോക്‌സ് ഓഫീസില്‍ തിളങ്ങി ആസിഫ്; രേഖാചിത്രം 50 കോടി ക്ലബ്ബില്‍

2025ല്‍ 50 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള സിനിമയാണ് രേഖാചിത്രം

Author : ന്യൂസ് ഡെസ്ക്



ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം വമ്പന്‍ പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം മറ്റൊരു വിജയത്തിലേക്ക് എത്തി നില്‍ക്കുകയാണിപ്പോള്‍. ആഗോള തലത്തില്‍ ചിത്രം 50 കോടി നേടിക്കഴിഞ്ഞിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2025ല്‍ 50 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള സിനിമയാണ് രേഖാചിത്രം.

ചിത്രത്തില്‍ വിവേക് ഗോപിനാഥ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് എത്തുന്നത്. അനശ്വരയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ആസിഫ് അലി അനശ്വര രാജന്‍ എന്നിവര്‍ക്കൊപ്പം മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ എന്നിവരും അണിനിരക്കുന്നുണ്ട്. '2018'ന്റെയും 'മാളികപ്പുറം'ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച ചിത്രം കൂടിയാണിത്.

ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. മികച്ച തിരക്കഥക്കൊപ്പം ജോഫിന്‍ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ട്.

SCROLL FOR NEXT