MOVIES

നമ്മുടെ സഹോദരങ്ങള്‍ വിടപറയുമ്പോള്‍: 'അഡിയോസ് അമിഗോ' റിലീസ് മാറ്റിവെച്ചുവെന്ന് ആസിഫ് അലി

സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരല്‍മല ദുരന്തത്തെ തുടര്‍ന്ന് അഡിയോസ് അമിഗോ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി ആസിഫ് അലി. ഓഗസ്റ്റ് 2നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. അതാണ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'അഡിയോസ് അമിഗോ റിലീസ് ഓഗസ്റ്റ് 2 ല്‍ നിന്നും മാറ്റിവെയ്ക്കുന്നു. നമ്മുടെ സഹോദരങ്ങള്‍ വിടപറയുമ്പോള്‍, ഒട്ടേറെ പേര്‍ക്ക് വീടും നാടും ഇല്ലാതാവുമ്പോള്‍, തകര്‍ന്നിരിക്കാതെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേ സാധിക്കു. മറ്റൊന്നും ചിന്തിക്കാന്‍ ആവുന്നില്ല. നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലായിരിക്കും, പക്ഷെ മുന്നോട്ടു പോയെ പറ്റു നമുക്ക്. ആരുടെയും പ്രതീക്ഷകള്‍ ഒഴുകിപോവാതിരിയ്ക്കാന്‍ ഒരു മനസ്സോടെ ശ്രമിക്കാം, കൂടെനില്‍ക്കാം',
എന്നാണ് ആസിഫ് കുറിച്ചത്.

അതേസമയം ചൂരല്‍മല ദുരന്തത്തില്‍ രക്ഷാദൗത്യം മൂന്നാം ദിനവും തുടരുകയാണ്. മുണ്ടക്കൈ, ചൂരല്‍മല, എന്നിവിടങ്ങള്‍ക്കു പുറമേ സമീപ പ്രദേശങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിക്കും. യന്ത്രസഹായത്തോടെ മണ്ണിമാറ്റിയാണ് ഇന്നത്തെ തെരച്ചില്‍. കൂടാതെ, സൈന്യത്തിന്റെ ബെയ്ലി പാല നിര്‍മാണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാകും.

ദുരന്തത്തില്‍ ഇതുവരെ 284 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കയുണ്ട്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ മാത്രം 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇതില്‍ എട്ട് എണ്ണം ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ചതാണ്. ഈ ക്യാമ്പുകളില്‍ 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളും ഉള്‍പ്പെടെ 8304 പേരാണ് കഴിയുന്നത്.


SCROLL FOR NEXT