ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് ഗായകന്‍ ഷഹബാസ് അമന്‍. സോഷ്യല്‍മീഡിയയിലൂടെയാണ് ഷഹബാസ് അമന്‍ നിലപാട് വ്യക്തമാക്കിയത്.
'കോടതി വിധി അവള്‍ അംഗീകരിക്കുന്നുണ്ടോ, അവള്‍ക്ക് അത് ഉള്‍ക്കൊള്ളാനാകുന്നുണ്ടോ എന്നത് മാത്രമാണ് പ്രധാനം. അതിനപ്പുറത്തേക്ക് ഒരു കുറ്റമുക്തിയുമില്ല, ഒരു ക്ലീന്‍ചിറ്റുമില്ല. ഒന്നുമില്ല.
അവന്മാരില്‍ ആരുമായും അവര്‍ പ്രതിപ്പട്ടികയില്‍ എത്രാമതായിരുന്നാലും ശരി, സാങ്കേതികതയുടെ ബലത്തില്‍ എത്ര രക്ഷപ്പെട്ടവരായാലും ശരി അവരുടെ സുഹൃത്തുക്കളുമായും സുഹൃത്തുക്കളുടെ സുഹൃത്തുക്കളുമായിപ്പോലും ജീവിതത്തില്‍ ഒരു ഡീലും ഉണ്ടാവാന്‍ ഇട വരാതിരിക്കട്ടെ, അറിയാതെ പോലും. തിരിച്ചും അങ്ങനെതന്നെ ആവുന്നതില്‍ സന്തോഷമേയുള്ളൂ.
പ്രതീകാത്മകമായി ആകെ ഇപ്പോള്‍ ചെയ്യാനാകുക അണ്‍ഫ്രണ്ടിങ് മാത്രം. സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ അക്കൗണ്ടില്‍ കേറി ജസ്റ്റ് ആ ഫ്രണ്ട് കോളം ഒന്ന് ചെക്ക് ചെയ്താല്‍ അറിയാം ഇവന്മാരുമായൊക്കെ അവര്‍ക്കുള്ള മുറിക്കാന്‍ കഴിയാത്ത ബന്ധം. പുറമേക്ക് എത്ര അവള്‍ക്കൊപ്പം ആണെങ്കിലും.
ഉയര്‍ന്ന മാനവിക ചിന്തയും സ്ത്രീപക്ഷ നിലപാടുകളുമുള്ള ചില കലാകാരികളടക്കം അവളോടൊപ്പം അവനേയും ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടത് ഇപ്പോഴാണ്. അതവരുടെ തീരുമാനം. അംഗീകരിക്കുന്നു. പക്ഷെ, മാനിക്കാനാകില്ല. അവര്‍ക്കൊക്കെ ഈ കോടതി വിധി വലിയ ആശ്വാസവും നല്‍കുന്നുണ്ടാകും.
അവരെയൊക്കെ ജീവിതത്തില്‍ നിന്ന് അണ്‍ഫ്രണ്ട് ചെയ്യാന്‍ കഴിയുന്നത് കോടതിവിധിയേക്കാളും എത്രയോ അന്തസുറ്റ തീരുമാനമായിരിക്കുമെന്ന് സ്വയം തിരിച്ചറിയുന്നു. അനുഭവം കൊണ്ട് പൊള്ളലേറ്റ നെഞ്ചിനേക്കാളും വലിയ ഒരു കോടതി മുറിയും ഈ ലോകത്തിലില്ല. എന്നും അവള്‍ക്കൊപ്പം മാത്രം. - ഷഹബാസ് അമന്റെ വാക്കുകള്‍.