'ബള്‍ട്ടി'യുലെ 'ജാലക്കാരി' ഗാനത്തില്‍ നിന്ന് 
MOVIES

"എവിടെ നോക്കിയാലും ജാലക്കാരി തന്നെ"; സായ് അഭ്യങ്കറിന്റെ പാട്ടിനെപ്പറ്റി ഷെയിന്‍ നിഗം

'ബള്‍ട്ടി'ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം പ്രതീക്ഷിച്ചതിലും മുകളിലാണെന്ന് ഷെയിന്‍ നിഗം ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഷെയിന്‍ നിഗം നായകനായ 'ബള്‍ട്ടി' മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഷെയിനിന്റെ 25ാം സിനിമയാണിത്. സ്പോർട്സ് ആക്ഷൻ ഴോണറില്‍ കംപ്ലീറ്റ് എന്റർടൈനറായിട്ടാണ് നവാഗതനായ ഉണ്ണി ശിവലിംഗം 'ബള്‍ട്ടി' അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം പ്രതീക്ഷിച്ചതിലും മുകളിലാണെന്ന് ഷെയിന്‍ നിഗം ന്യൂസ് മലയാളത്തോട് പറഞ്ഞു.

"തിയേറ്ററുകള്‍ സന്ദർശിച്ചപ്പോള്‍ നേരിട്ട് ജനങ്ങളില്‍ നിന്ന് ആ സ്നേഹം അറിയാന്‍ പറ്റി. പിള്ളാര് സെറ്റിന്റെ അടിപ്പടം എന്ന രീതിയിലാണ് ഈ സിനിമ ഇറങ്ങിയത്. പക്ഷേ ഫാമിലിയും പടം കാണാന്‍ എത്തുന്നുണ്ട്. ഫൈറ്റുകള്‍ക്കാണ് സിനിമയില്‍ പ്രാധാന്യം കൊടുക്കുന്നതെങ്കിലും അതിന്റെ കാര്യ കാരണങ്ങള്‍ ഫാമിലി ഓഡിയന്‍സുമായും കണക്ട് ആകുന്ന വിധത്തിലാണ്," ഷെയിന്‍ നിഗം പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ കുടുംബപ്രേക്ഷകർ സിനിമ തിയേറ്ററില്‍ പോയി കാണും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേർത്തു.

'ബള്‍ട്ടി'യിലെ പ്രധാന സവിശേഷത കബഡി- ആക്ഷന്‍ രംഗങ്ങളാണ്. ഈ രംഗങ്ങള്‍ക്കായി വലിയ രീതിയില്‍ പരിശീലനം നടത്തിയതായും ഷെയിന്‍ നിഗം അറിയിച്ചു. 45 ദിവസത്തോളം കബഡി , പാർക്കോ ട്രെയിനിങ് ഉണ്ടായിരുന്നു. പ്രധാന വേഷത്തില്‍ എത്തുന്ന നാല് പേർക്ക് മാത്രമല്ല സിനിമയില്‍ കബഡി കളിക്കുന്ന എല്ലാവർക്കും ട്രെയിനിങ് ഉണ്ടായിരുന്നു. ക്ലൈമാക്സ് ഷൂട്ടിന് മുന്‍പും രണ്ട് ദിവസത്തെ പ്രത്യേക പരിശീലനമുണ്ടായിരുന്നതായി ഷെയിന്‍ പറഞ്ഞു.

"ഞാന്‍ കബഡി അങ്ങനെ ഫോളോ ചെയ്തിട്ടില്ല. ഗില്ലി എന്ന പടത്തില്‍ മാത്രമേ ഞാന്‍ ജീവിതത്തില്‍ കബഡി കണ്ടിട്ടുള്ളൂ. ഉണ്ണി വന്ന് ഈ കഥ പറഞ്ഞപ്പോള്‍ എന്നെ ആകർഷിച്ച ഒരു കാര്യം ഇത് കബഡി മാത്രമല്ല എന്നതാണ്. സാധാരണ ഒരു സ്പോർട്സ് പടത്തില്‍ ക്ലൈമാക്സില്‍ നായകനും ടീമും ഒരു മാച്ച് കളിച്ച് ജയിക്കുന്നതാകുമല്ലോ. അങ്ങനെയാണല്ലോ പൊതുവേ ക്ലീഷേ ടെംപ്ലേറ്റ് പോകുക. കബഡി ഇതില്‍ ഒരു കഥാപാത്രം പോലെയാണ് സംവിധായകന്‍ പ്ലേസ് ചെയ്തിട്ടുള്ളത്," ഷെയിന്‍ നിഗം പറഞ്ഞു.

'ബള്‍ട്ടി'യിലൂടെയാണ് തമിഴിലെ ട്രെന്‍ഡിങ് പാട്ടുകാരന്‍ സായ് അഭ്യങ്കർ മലയാളത്തില്‍ അരങ്ങേറുന്നത്. സിനിമയിലെ 'ജാലക്കാരി' എന്ന ഗാനവും ഹൂക്ക് സ്റ്റെപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

"ജാലക്കാരി കേള്‍ക്കും തോറും ഇഷ്ടം കൂടി വരുന്ന പാട്ടാണ്. റിലീസ് ആയി ആദ്യത്തെ മൂന്ന് ദിവസം നോർമല്‍ റെസ്പോണ്‍സായിരുന്നു. എനിക്ക് ഇതിന്റെ ഹൂക്ക് സ്റ്റെപ്പ് ഒക്കെ റീക്രിയേറ്റ് ചെയ്ത് കാണണമെന്നുണ്ടായിരുന്നു. പക്ഷേ ആദ്യത്തെ മൂന്ന് ദിവസം ഒന്നും കണ്ടില്ല. പിന്നെ അങ്ങോട്ട് ഒരു ചാകര വരുന്ന പോലെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ എവിടെനോക്കിയാലും ജാലക്കാരി തന്നെ," ഷെയിന്‍ നിഗം പറഞ്ഞു.

സെപ്റ്റംബർ 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമാണം.

SCROLL FOR NEXT