MOVIES

ബറോസ് ഒടിടിയിലേക്ക്; ജനുവരി അവസാനത്തോടെ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. മറാത്തി, ബംഗ്ല എന്നീ ഭാഷകളിലും റിലീസ് ഉണ്ടാകുമെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്


മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ത്രീഡി ചിത്രം ബറോസ് ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ചിത്രം ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്ലാറ്റ്‌ഫോം സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. മറാത്തി, ബംഗ്ല എന്നീ ഭാഷകളിലും റിലീസ് ഉണ്ടാകുമെന്നാണ് സൂചന. ഹോട്ട്‌സ്റ്റാറില്‍ ചിത്രം ജനുവരി അവസാനത്തോടെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന.

മോഹന്‍ലാല്‍ തന്നെ കേന്ദ്ര കഥാപാത്രമായ ചിത്രം നിധി കാക്കുന്ന ഭൂതത്തിന്റെ കഥയാണ് പറയുന്നത്. ഗാമയുടെ നിധി 400 വര്‍ഷത്തോളമാണ് മോഹന്‍ലാലിന്റെ കഥാപാത്രം സംരക്ഷിക്കുന്നത്. ഇസബെല്‍ എന്ന പെണ്‍കുട്ടിയുടെ കഥാപാത്രവും ചിത്രത്തില്‍ പ്രധാനപ്പെട്ടതാണ്. മായാ റാവു ആണ് ഇസബെല്ലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കലവൂര്‍ രവികുമാറാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ജിജോ പൊന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കോടി ബജറ്റിന് അടുത്ത് ഒരുങ്ങിയ ചിത്രം തിയേറ്ററില്‍ നിന്ന് വെറും 25 കോടിയാണ് നേടിയത്. സിനിമ പരാജയമായതില്‍ മോഹന്‍ലാലിന് വലിയ വിഷമമുണ്ടെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണ്‍ അടുത്തിടെ അറിയിച്ചിരുന്നു.

മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം പറഞ്ഞത്. പ്രേക്ഷകരില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് അടക്കം സിനിമ കാണാന്‍ താത്പര്യമുണ്ടായിരുന്നില്ല. അതുപോലെ തന്നെ പ്രേക്ഷകര്‍ സിനിമ പൂര്‍ണ്ണമായും കാണാതെ രൂക്ഷമായി വിമര്‍ശിച്ചു എന്നീ കാര്യങ്ങളാലാണ് മോഹന്‍ലാലിന് അതിയായ വേദനയുണ്ടായതെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.



SCROLL FOR NEXT