കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൾട്ടിസ്റ്റാർ ചിത്രം 'അതിരടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14നാണ് ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്.
ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് സിനിമയുടെ നിർമാണം. 100 ശതമാനവും ഒരു കോളേജ് ചിത്രമാകും 'അതിരടി' എന്നാണ് നിർമാതാവ് ഡോക്ടർ അനന്തു നൽകുന്ന സൂചന. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മല്ലു സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് 'അതിരടി'യുടെ സംവിധായകൻ അരുണ്‍.
പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാഗ്രഹകനുമായ സമീർ താഹിറും ടൊവിനോ തോമസും 'അതിരടി'യുടെ സഹനിർമാതാക്കളാണ്. 'മിന്നല്‍ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്. നിവിൻ പോളിയുടെ 'സർവം മായ' എന്ന ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രമായി കയ്യടി നേടിയ റിയാ ഷിബുവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം.
ഛായാഗ്രഹണം - സാമുവൽ ഹെൻറി, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്‌ഷൻ കൺട്രോളർ - ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.